ദില്ലി: മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബേ. ചികിത്സയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ നിവാരണത്തിന് ഔഷധമായി ഗോമൂത്രം ഉപയോഗിക്കാന്‍ ആയുഷ് മന്ത്രാലയം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഞായറാഴ്ച വ്യക്തമാക്കി. 

ഗോമൂത്രം വളരെ ശക്തിയുള്ളതാണ്. പല ആരോഗ്യപ്രശ്നങ്ങളും ചികിത്സിക്കാന്‍ കഴിവുള്ളതാണ് ഇത്. ക്യാന്‍സറിന് എങ്ങനെ മരുന്നുണ്ടാക്കണമെന്നുള്ള ചര്‍ച്ചകളും ശ്രമങ്ങളും നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ''അസുഖങ്ങള്‍ മാറാന്‍ ആളുകള്‍ മൂത്രം കുടിക്കുന്നത് പലതവണ നമ്മള്‍ കണ്ടുകഴിഞ്ഞു. നമ്മുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നു. ഗോമൂത്രത്തില്‍ ഗവേഷണം നടത്തേണ്ടതുണ്ട്'' - അശ്വിനി ചൗബേ പറഞ്ഞു. 

പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രമേഹവും ക്യാന്‍സറും പിടിപെടുന്നവരുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച മന്ത്രി ക്യാന്‍സര്‍ ചികിത്സയടേതടക്കമുള്ള നിര്‍ദ്ദേശംങ്ങള്‍ മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും പറ‌ഞ്ഞു.