Asianet News MalayalamAsianet News Malayalam

ധനകാര്യ മന്ത്രാലയത്തിൽ മാധ്യമവിലക്ക്? പിഐബി കാർഡുള്ളവർക്കും മുൻകൂർ അനുമതി വേണം

മുതിർന്ന മാധ്യമപ്രവർത്തകർക്ക്, സർക്കാർ നൽകുന്ന ഐഡിയാണ് പ്രസ് അക്രഡിറ്റേഷൻ ബ്യൂറോ കാർഡ്. മന്ത്രാലയങ്ങളിലും വാർത്താ സമ്മേളനങ്ങൾക്കും, മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുന്ന തിരിച്ചറിയൽ രേഖ കൂടിയാണിത്. ഇത് അംഗീകരിക്കാത്ത മന്ത്രാലയത്തിന്‍റെ നടപടി മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതാണെന്ന് കാട്ടി പ്രതിഷേധമുയർത്തുകയാണ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ. 

Ministry of Finance says entry of  journalists including PIB card holders require prior appointment
Author
New Delhi, First Published Jul 9, 2019, 11:45 PM IST

ദില്ലി: പ്രസ് അക്രഡിറ്റേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള മുതിർന്ന മാധ്യമപ്രവർത്തകർക്കും, ധനകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കാനും ഉദ്യോഗസ്ഥരെ കാണാനും നേരത്തേ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടത്തിനെതിരെ കടുത്ത പ്രതിഷേധം. 

മുതിർന്ന മാധ്യമപ്രവർത്തകർക്ക്, കേന്ദ്രസർക്കാരിന്‍റെ വാർത്താ വിതരണ ഏജൻസിയായ പ്രസ് അക്രഡിറ്റേഷൻ ബ്യൂറോ (പിഐബി) നൽകുന്ന തിരിച്ചറിയൽ രേഖയാണ് പിഐബി കാർഡ്. മന്ത്രാലയങ്ങളിലും വാർത്താ സമ്മേളനങ്ങൾക്കും, മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രവേശനം നൽകുന്ന തിരിച്ചറിയൽ രേഖ കൂടിയാണിത്. ദില്ലിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, എഡിറ്ററുടെ സമ്മതപത്രം എന്നിവയും, മാധ്യമപ്രവർത്തകന്‍റെ മുൻകാല ചരിത്രവും പരിശോധിച്ചാണ് പിഐബി കാർഡ് നൽകുക. വർഷാവർഷം അപേക്ഷ നൽകുന്നവർക്കാണ് പിഐബി കാർഡ് നൽകുന്നത്.  

കേന്ദ്രസർക്കാരിന്‍റെ തന്നെ തിരിച്ചറിയൽ രേഖ അംഗീകരിക്കാത്ത മന്ത്രാലയത്തിന്‍റെ നടപടി മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതാണെന്ന് കാട്ടി പ്രതിഷേധമുയർത്തുകയാണ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ. ഒരോ വാർത്തകളും അന്വേഷിക്കാനും, അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയാനും, അതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ട് കാണാനും മുതിർന്ന മാധ്യമപ്രവർത്തകർ മന്ത്രാലയത്തിൽ എത്തുന്നത് അംഗീകരിക്കുക കൂടി ചെയ്യുന്നതാണ് പിഐബി തിരിച്ചറിയൽ രേഖ. ഇത് തിരിച്ചറിയൽ രേഖയായി അംഗീകരിക്കാത്തത് വഴി, വാർത്തകൾ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് പുറത്തുപോകുന്നത് തടയുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോപണമുയരുകയാണ്. 

കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പിഐബി കാർഡുള്ളവർക്ക് നിരോധനമേർപ്പെടുത്തുകയല്ല, ഉദ്യോഗസ്ഥരെയടക്കം കാണാൻ ഒരു നടപടിക്രമം രൂപീകരിക്കുകയാണ് ചെയ്തതെന്ന വിശദീകരണവുമായി മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ മുൻകൂർ അനുമതി കിട്ടിയാൽ കാത്തിരിക്കാനായി ഒരു എസി മുറി മന്ത്രാലയത്തിൽ സജ്ജീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 

എന്നാൽ, മോദി സർക്കാരിന്‍റെ കാലത്ത് പിഐബി അംഗത്വവിതരണമടക്കം നിർത്തി വയ്ക്കുന്ന സ്ഥിതിയുണ്ടായിരുന്നെന്നും, ഇത്തരം നടപടികൾ ആദ്യമല്ലെന്നും ചൂണ്ടിക്കാട്ടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകർ. ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി പിഐബി തിരിച്ചറിയൽ രേഖ നൽകുന്നത് ആദ്യ മോദി സർക്കാർ നിർത്തി വച്ചെന്ന് ആരോപണമുയർന്നിരുന്നതാണ്. 2018 മാർച്ച് മുതൽ പുതിയ പിഐബി കാർഡിനുള്ള അപേക്ഷകൾ ഒന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. വെബ്‍സൈറ്റുകൾക്കായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും പിഐബി കാർഡുകൾ നൽകണമെന്ന ശുപാർശയും വാർത്താ വിതരണ മന്ത്രാലയം തൊടാതെ മാറ്റി വച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios