ദില്ലി: കൊവിഡിനെ തുടർന്നുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4 പേരാണ് മരിക്കുന്നത്. അതേസമയം ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 പേരാണ് മരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. ഇതിന്റെ പ്രധാന കാരണം ലോക്ക് ഡൗണും, ഇന്ത്യ മഹാമാരിയെ നേരിട്ട രീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് മെച്ചപ്പെട്ടതായി കേന്ദ്രം പറഞ്ഞു. രോഗബാധിതരിൽ 41.61 ശതമാനം പേർക്ക് രോഗം ഭേദമായി. ഇതുവരെ 60490 കൊവിഡ് രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തരായി. മരണനിരക്ക് 2.87 ശതമാനമാണെന്നും ലവ് അഗർവാൾ പറഞ്ഞു.

രാജ്യത്ത് കൊവിഡ് പരിശോധന കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം ടെസ്റ്റുകൾ ഇന്ന് രാജ്യത്ത് നടക്കുന്നുണ്ട്. രോഗലക്ഷണമുള്ള അതിഥി തൊഴിലാളികളെ അടിയന്തിരമായി സ്രവ പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.  നിലവിൽ ഇന്ത്യയിൽ 612 പരിശോധന ലാബുകളുണ്ട്. ഇവയിൽ 182 ലാബുകൾ സ്വകാര്യ മേഖലയിലാണെന്നും ഐസിഎംആർ അധികൃതർ വ്യക്തമാക്കി.