വാരണസിയിൽ നിന്ന് ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാൺപൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് സി 7 കോച്ചിന്‍റെ ട്രാന്‍സ്‌ഫോമറില്‍ തീപിടിച്ചത്. 

ദില്ലി: രാജ്യത്തെ അതിവേ​ഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ തീപിടുത്തം. കാൺപൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് തീപിടിച്ചത്. ബുധനാഴ്ച 7.04നായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

വാരണസിയിൽ നിന്ന് ദില്ലിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാൺപൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് സി 7 കോച്ചിന്‍റെ ട്രാന്‍സ്‌ഫോമറില്‍ തീപിടിച്ചത്. തുടര്‍ന്ന് ജീവനക്കാരെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന് കാൺപൂര്‍ സ്റ്റേഷനിൽ ട്രെയിൻ 25 മിനുട്ടോളം നിര്‍ത്തിയിട്ടു. 

എന്നാൽ 7.39ഓടെ യാത്ര തുടര്‍ന്ന ട്രെയിനിൽ നിന്ന് വീണ്ടും പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടർന്ന് റെയിൽവേ ജീവനകാരെത്തുകയും മുൻപ് തീയണയ്ക്കാൻ ഉപയോഗിച്ച പൗഡറാണ് പുകയ്ക്ക് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. 7:45ന് ട്രെയിൻ വീണ്ടും യാത്ര തുടര്‍ന്നു. 

രാജ്യത്ത് തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനും ഇതാണ്. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. സര്‍വീസ് തുടങ്ങിയതിന് അടുത്ത ദിവസം തന്നെ ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് പെരുവഴിയിലായിരുന്നു.