ഇന്നലെ ഇന്ത്യ സഖ്യം പാർലമെന്‍റിൽ എത്തിയത് മിന്‍റ ദേവി 124 നോട്ടൗട്ട് എന്ന ടീ ഷർട്ട് അണിഞ്ഞായിരുന്നു. ഒരു യുവതിയുടെ ചിത്രവും ടീഷർട്ടിലുണ്ടായിരുന്നു
ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിനെതിരായ പ്രതിഷേധത്തിൽ തന്‍റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാർ ടീ ഷർട്ടിൽ ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിഹാറിലെ വോട്ടറായ മിന്‍റ ദേവി. വോട്ടർ ഐഡി കാർഡിലെ പിഴവാണ് തന്‍റെ പ്രായം 124 എന്ന് തെറ്റായി എഴുതാൻ കാരണമെന്ന് മിന്‍റ ദേവി പ്രതികരിച്ചു. തന്നോട് ചോദിക്കാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും മിന്‍റ ദേവി പറയുന്നു.
ഇന്നലെ ഇന്ത്യ സഖ്യം പാർലമെന്‍റിൽ എത്തിയത് മിന്‍റ ദേവി 124 നോട്ടൗട്ട് എന്ന ടീ ഷർട്ട് അണിഞ്ഞായിരുന്നു. ഒരു യുവതിയുടെ ചിത്രവും ടീഷർട്ടിലുണ്ടായിരുന്നു. ബിഹാറിലെ വോട്ടർ പട്ടികയിൽ 124 വയസുള്ള വോട്ടറും ഇടം കണ്ടെത്തിയെന്ന് പരിഹസിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. എന്നാൽ ബിഹാറിലെ സിവാൻ ജില്ലയിലെ മിന്‍റ ദേവി എന്ന 35 കാരി തൻറെ ചിത്രം കോൺഗ്രസ് നേതാക്കൾ ഉപയോഗിച്ചത് ചോദ്യം ചെയ്യുകയാണ്. തന്‍റെ വോട്ടർ ഐഡിയിൽ 124 വയസെന്ന് തെറ്റായി അച്ചടിച്ചു നൽകിയെന്ന് 35 കാരിയായി മിൻറ ദേവി മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾ വന്നപ്പോഴാണ് വോട്ടർ ഐഡി പരിശോധിച്ച് തെറ്റ് കണ്ടെത്തിയത്. എന്നാൽ പ്രിയങ്ക ഗാന്ധി തൻറെ ചിത്രം ഉപയോഗിച്ചത് ശരിയായില്ല. തന്നോട് ചോദിക്കാതെയാണ് ചിത്രം ഉപയോഗിച്ചത്. അപമാനിതയായെന്നും സ്വകാര്യത നഷ്ടമായെന്നും മിന്‍റ് ദേവി പറയുന്നു. കോൺഗ്രസ് മാപ്പ് പറയണമെന്ന് പാർലമെനററി കാര്യമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
മരിച്ചു പോയെന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ മൂന്നു പേരെയാണ് ഇന്നലെ ഹർജിക്കാർ സുപ്രീംകോടതിയിൽ എത്തിച്ചത്. ഇതിൽ ബിഹാർ ആര സ്വദേശിയായ മിൻറു പാസ്വാൻ തൻറെ പേര് ഒഴിവാക്കും മുമ്പ് വീട്ടിലെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനാലായിരം പരാതിയാണ് എസ്ഐആറിൽ വോട്ടർമാരിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. കരട് പട്ടികയിലേത് സാങ്കേതിക പിഴവുകളാണെന്നും ഇത് തിരുത്താനാണ് ഒരു മാസത്തെ സമയം നല്കിയിരിക്കുന്നതെന്നും കമ്മീഷൻ വിശദീകരിച്ചു.

