നവി മുംബൈയിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവതിയുടെ കാർ കനാലിലേക്ക് മറിഞ്ഞു. ബെലാപ്പൂരിൽ നിന്ന് ഉൽവായിലേക്ക് പോകുകയായിരുന്ന യുവതിയെ ഗൂഗിൾ മാപ്പ് പാലത്തിനടിയിലൂടെ ധ്രുവതാര ജെട്ടിയിലേക്കുള്ള വഴിയിലേക്ക് നയിച്ചു.
നവി മുംബൈ: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവതിയുടെ കാർ കനാലിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ നവി മുംബൈയിലെ ബെലാപ്പൂരിൽ നിന്ന് ഉൽവായിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ബെലാപ്പൂരിലെ ബേ ബ്രിഡ്ജിലൂടെ പോകേണ്ടിയിരുന്ന യുവതിയെ ഗൂഗിൾ മാപ്പ് പാലത്തിനടിയിലൂടെ ധ്രുവതാര ജെട്ടിയിലേക്കുള്ള വഴിയിലേക്ക് നയിക്കുകയായിരുന്നു. വഴിതെറ്റിയത് അറിയാതെ യുവതി ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച വഴിയിലൂടെ മുന്നോട്ട് പോയി. ഏതാനും മിനിറ്റുകൾക്കകം കാർ കനാലിലെ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.
അപകടം കണ്ട മറൈൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളത്തിൽ ഒഴുകി നടന്ന യുവതിയെ മിനിറ്റുകൾക്കകം രക്ഷപ്പെടുത്തി. യുവതിക്ക് പരിക്കുകളൊന്നുമില്ല. കനാലിൽ വീണ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യ സംഭവമല്ല. ചില സംഭവങ്ങൾ ദുരന്തങ്ങളിൽ കലാശിച്ചിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ ബറേലിയിൽ നിന്ന് ഡാറ്റാഗഞ്ചിലേക്ക് പോവുകയായിരുന്ന മൂന്ന് പേർ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ചിരുന്നു. തകർന്ന പാലത്തിൽ കയറിയ കാർ 50 അടി താഴെയുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഗൂഗിൾ അന്ന് അറിയിച്ചിരുന്നു.
മറ്റൊരു സംഭവത്തിൽ, കേരളത്തിൽ ഗൂഗിൾ മാപ്പ് പിന്തുടർന്ന് ഹൈദരാബാദിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘം നിറഞ്ഞൊഴുകുന്ന ഒരു പുഴയിലേക്ക് വാഹനമോടിച്ചു പോയി. കനത്ത മഴയെത്തുടർന്ന് പുഴയിൽ നിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞ നിലയിലായിരുന്നു. പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്തതിനാൽ, ഗൂഗിൾ മാപ്പ് പിന്തുടർന്ന് സഞ്ചാരികൾ വാഹനം പുഴയിലേക്ക് ഓടിച്ചു പോവുകയായിരുന്നു. നാല് പേർക്കും പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു.


