3 മാസം മുൻപ് ഏപ്രിലിൽ ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ മാനിയയിൽ നിന്ന് ശനിയാഴ്ച മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ആഗ്ര: 3 മാസം മുൻപ് ഏപ്രിലിൽ ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ മാനിയയിൽ നിന്ന് ശനിയാഴ്ച മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. രാജസ്ഥാൻ പൊലീസാണ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് ആഗ്രയിൽ നിന്നും കാണാതായ കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞ് ആഗ്ര പൊലീസിനെ വിവരം അറിയിച്ചതായി അവർ പറഞ്ഞു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അഭയ്. ഒരു ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഉടമയായ വിജയ് പ്രതാപിന്റെ മകനാണ് അഭയ്. വിജയ് നഗറിലാണ് ഇവർ താമസിക്കുന്നത്. ഏപ്രിൽ 30 ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം, കുട്ടി കാണാതായതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്ക് ഒരു കത്ത് ലഭിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും 80 ലക്ഷം മോചന ദ്രവ്യം വേണമെന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

നിലവിൽ, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അമർദീപ് ലാൽ പറഞ്ഞു.