വഡോദര: പഠിക്കാൻ താല്പര്യമില്ലാതെ വീടുവിട്ടിറങ്ങിയ കോടീശ്വ പുത്രനെ കണ്ടെത്തിയത് കടത്തിണ്ണയിൽ. ​ഗുജറാത്തിലെ പാദ്രയിലുള്ള എണ്ണ വ്യാപാരിയും കോടീശ്വരനുമായ വ്യക്തിയുടെ മകനായ ദ്വര്‍കേശ് താക്കറെയാണ് കടത്തിണ്ണയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഓക്ടോബർ 14 മുതലാണ് ദ്വര്‍കേശിനെ കാണാതാവുന്നത്.

​ഗുജറാത്തിലെ വസാദിലുള്ള എഞ്ചിനീയറിം​ഗ് കോളോജ് വിദ്യാർത്ഥിയാണ് ദ്വര്‍കേശ്. കോളേജിൽ പോകാനോ പഠിക്കാനോ ദ്വര്‍കേശ് താല്പര്യം കാണിച്ചിരുന്നില്ല. തുടർന്ന് വീട് വിട്ടിറങ്ങി വഡോദര റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ ഫോൺ വീട്ടിൽ വച്ചിട്ടായിരുന്നു ദ്വര്‍കേശ് നാടുവിട്ടത്. മതാപിതാക്കളുടെ പരാതിയിൻമേൽ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ വിവരങ്ങളും പരിശോധിച്ചെങ്കിലും പൊലീസിന് ദ്വര്‍കേശിനെ കണ്ടെത്താനായില്ല. 

ഇതിനിടയിൽ ഷിംലയിലെ ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലില്‍ ജോലി തേടി ദ്വര്‍കേശ് എത്തി. അധികം പ്രായം തോന്നിക്കാത്ത ദ്വര്‍കേശിനെ കണ്ട ഹോട്ടൽ ഉടമ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്  തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോഴാണ് ദ്വര്‍കേശ്, പാദ്ര സ്വദേശിയാണെന്ന് കണ്ടെത്തിയത്. ഉടൻ പാദ്ര പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കാണാതായ പാദ്രയിലെ കോടീശ്വരന്റെ മകനാണ് ദ്വര്‍കേശെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ദ്വര്‍കേശിന്റെ മതാപിതാക്കൾ ഷിംലയിലെ ഹോട്ടലിൽ എത്തി. എന്നാൽ, അവർ എത്തുന്നതിന് മുമ്പ് തന്നെ ദ്വര്‍കേശ് ഇവിടെ നിന്ന് സ്ഥലം കാലിയാക്കിയിരുന്നു. 

ഹൈവേയിലെ ഭക്ഷണശാലകളിലും വഴിയോരങ്ങളിലെ ചെറിയ കടകളിലുമാണ് ദ്വര്‍കേശ് ജോലി ചെയ്തിരുന്നതെന്നും അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം ആണ് കഴിച്ചിരുന്നതെന്നും ഹോട്ടല്‍ ഉടമ പാദ്ര പൊലീസിനോട് പറഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിൽ ഷിംലയിലെ റോഡരികില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന നിലയില്‍ ദ്വര്‍കേശിനെ കണ്ടെത്തുകയായിരുന്നു. തങ്ങളുടെ മകനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രായസമേറിയ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയതെന്നും ദ്വര്‍കേശിന്റെ ബന്ധു പറഞ്ഞു.