അൽവർ: ഭാര്യയെ കാണാതായെന്ന് ഭർത്താവ് പരാതി നൽകി ആഴ്ചകൾക്ക് ശേഷം യുവതിയെ സ്വവർഗ പങ്കാളിക്കൊപ്പം കണ്ടെത്തി. ജൂൺ ഒന്നിന് രാജസ്ഥാനിലെ അൽവറിൽ നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാൻപുറിൽ കണ്ടെത്തിയത്. 

ഭാര്യയെ കാണാതായ അന്ന് തന്നെ ഭർത്താവ് ഗോപാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് ശേഷം യുവതിക്കായി പൊലീസ് പലയിടത്തും അന്വേഷിച്ചെങ്കിലും യുവതി സംസ്ഥാനം വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ കാമുകിക്കൊപ്പം കണ്ടെത്തിയത്.

ഗോപാലുമായുള്ള വിവാഹം വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് നടന്നതാണെന്നും, താനൊരു സ്വവർഗാനുരാഗിയാണെന്നും ഗുഞ്ജൻ ബായിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നുമാണ് ജ്യോതി മൊഴി നൽകിയത്. ഗുഞ്ജൻ ബായി എന്ന പങ്കാളിയാകട്ടെ, ഹരിയാനയിൽ നിന്നുള്ള ദേശീയ കായികതാരം കൂടിയാണ്.

കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഗുഞ്ജനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം ജ്യോതി പൊലീസിനോട് പങ്കുവച്ചു. ഫാക്ടറിയിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവ് ഗോപാൽ ജോലിക്ക് പോകുമ്പോൾ, തന്നെ വീട്ടിനകത്ത് പൂട്ടിയിടാറുണ്ടെന്നും യുവതി ആരോപിച്ചു.

ഷാജഹൻപുറിൽ നിന്നും അൽവറിലെത്തിച്ച യുവതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി. തനിക്ക് ഭർത്താവിനൊപ്പം പോകേണ്ടെന്ന് ജ്യോതി പറഞ്ഞതോടെ, ഇവരെ സ്വവർഗ പങ്കാളിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു.