കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന സഖാവ് സ്റ്റാലിന്റെ പ്രയത്നത്തിന് നന്ദി എന്നാണ് പിണറായി വിജയൻ കുറിച്ചത്.
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേർന്ന പിറന്നാളാശംസയ്ക്ക് മലയാളത്തിൽ മറുപടി കുറിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന സഖാവ് സ്റ്റാലിന്റെ പ്രയത്നത്തിന് നന്ദി എന്നാണ് പിണറായി വിജയൻ കുറിച്ചത്. ഫെഡറലിസത്തേയും മതേതരത്വത്തെയും നമ്മുടെ മാതൃഭാഷകളേയും സംരക്ഷിക്കാനുള്ള നിലപാടുകൾ കൊണ്ട് താങ്കള്‍ രാജ്യത്തിന്റെ ഹൃദയം കവർന്നിരിക്കുന്നുവെന്നും പിണറായി വിജയൻ ട്വിറ്ററില്‍ കുറിച്ചു.
ഇതിനുള്ള മറുപടിയായി 'ആശംസകൾക്ക് നന്ദി സഖാവേ' എന്നാണ് സ്റ്റാലിൻ കുറിച്ചത്. തെക്കേ ഇന്ത്യയിൽ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നേക്കുമായി അകറ്റിനിർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം' എന്നും സ്റ്റാലിൻ മലയാളത്തിൽ മറുപടിയെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് അടക്കം ഒട്ടേറെ പ്രമുഖർ സ്റ്റാലിന് പിറന്നാളാശംസകൾ നേർന്നു.
സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് മെഗാറാലി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കും.
കുഞ്ഞുങ്ങൾക്ക് മോതിരവിതരണം, കർഷകർക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാർട്ടി പ്രവർത്തകർ പരിപാടികൾ നടത്തുന്നുണ്ട്. എന്നാൽ ഒരു തരത്തിലുള്ള ആഢംബര ആഘോഷവും വേണ്ടെന്നും ചടങ്ങുകൾ ലളിതമാകണമെന്നും പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
