വിജയിയുടെ ടിവികെ സർക്കാരിന് മൂന്ന് മാസം പോലും ആയുസ്സുണ്ടാകില്ലെന്നാണ് തോന്നുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. പുതിയ സർക്കാരിനെ ആറുമാസം വിമർശിക്കരുതെന്ന് കരുതിയെങ്കിലും നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയിന്‍റെ നേതൃത്വത്തിലുള്ള ടി വി കെ. (തമിഴക വെട്രി കഴകം) സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡി എം കെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ രംഗത്ത്. വിജയ് സർക്കാർ മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ജനങ്ങൾ ഇപ്പോൾ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നും ഡി എം കെ അധ്യക്ഷൻ കൂട്ടിച്ചേർത്തു. പുതിയ ഭരണകൂടത്തെ ആദ്യത്തെ ആറുമാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ടി വി കെ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ലോറൻസ്?

അതേസമയം മുഖ്യമന്ത്രി സി ജോസഫ് വിജയ് രാജിവച്ചതോടെ ഒഴിവ് വന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ടി വി കെ സ്ഥാനാർത്ഥി ആകുമെന്ന അഭ്യൂഹങ്ങൾ നിലനിർത്തി നടനും സാമൂഹ്യപ്രവർത്തകനുമായ രാഘവ ലോറൻസ് രംഗത്തെത്തി. ഈ മാസം 11 ന് രാവിലെ 9.30ന് സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് രാഘവ ലോറൻസ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അമ്മ കൺമണിയുടെ അനുഗ്രഹത്തോടെ പ്രഖ്യാപനം നടത്തുമെന്നും, അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ലോറൻസ് വ്യക്തമാക്കി. ലോകേഷ് കനകരാജിന്‍റെ ബെൻസ് സിനിമയുടെ ചിത്രീകരണം ഈ മാസം 10 ന് പൂർത്തിയാക്കിയതിന് ശേഷമാകും പ്രഖ്യാപനം. മാറ്റം, സേവനമാണ് ദൈവം എന്നീ ഹാഷ്ടാഗുകളോടെയാണ് കുറിപ്പ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ രാഘവ ലോറൻസ്, വിജയ് യുടെ സുഹൃത്ത് കൂടിയാണ്. തിരുച്ചിയിലെ വോട്ടർമാർക്ക് നന്ദി പറയാനുള്ള പൊതുയോഗത്തിൽ, നിങ്ങളിലൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു വിജയ് പ്രസംഗിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം