ജയ്പൂർ: രാജസ്ഥാനിലെ നിയമസഭാ  സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍. അടുത്തമാസം 14 ന് നിയമസഭ വിളിയ്ക്കാന്‍ ഇന്നലെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.  എന്നാല്‍ വിശ്വാസ പ്രമേയത്തോട് എന്ത് നിലപാട്  സ്വീകരിക്കുമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയില്ല.

വിശ്വാസ വോട്ടെടുപ്പ് വരെ എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിൽ തന്നെ താമസിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തല്‍സ്ഥിതി തുടരാനുള്ള രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും.  ഇതിനിടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലിലെന്ന് രാജസ്ഥാന് സ്പീക്കര്‍ സിപി ജോഷി അശോക് ഗെലോട്ടിന്‍റെ മകന്‍ വൈഭവ് ഗലോട്ടിനോട് പറയുന്ന ദൃശ്യങ്ങള്‍ ബിജെപി കേന്ദ്രങ്ങള്‍ പുറത്തുവിട്ടു.

നിയമസഭാ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ കൽരാജ് മിശ്ര ആവർത്തിച്ച് നിരസിച്ചത് കടുത്ത രാഷ്ട്രീയ ഭിന്നതകൾക്ക് വഴിതുറന്നിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നത് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുമ്പോൾ സമ്മേളനം ചേരാനാകില്ല എന്നതായിരുന്നു ഗവര്‍ണർ സ്വീകരിച്ച നിലപാട്.

ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തിന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അശോക് ഗെലോട്ടിനോട് ആവർത്തിച്ച് ചോദിച്ചു.  വൈകീട്ട് അശോക് ഗെലോട്ട് വീണ്ടും മന്ത്രിസഭ യോഗം വിളിച്ച് സാഹചര്യങ്ങൾ ചര്‍ച്ച ചെയ്തു. സമ്മേളനം വിളിക്കില്ലെന്ന നിലപാടിൽ ഗവര്‍ണര്‍ ഉറച്ചുനിൽക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.