നിരോധനത്തിന് മഹാരാഷ്ട്ര സർക്കാർ തയ്യാറായില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ഗീതങ്ങൾ കേൾപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

മുംബൈ: മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം എംഎൻഎസ് തലവൻ രാജ് താക്കറെ ഉയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഹനുമാന്‍ ഗീതങ്ങള്‍ കേള്‍പ്പിച്ച് പ്രവര്‍ത്തകര്‍. ഗുഡി പാദുവ ദിന പ്രസംഗത്തിലാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് രാജ് താക്കറെ ആവശ്യപ്പെട്ടത്. നിരോധനത്തിന് മഹാരാഷ്ട്ര സർക്കാർ തയ്യാറായില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ വച്ച് ഹനുമാൻ ഗീതങ്ങൾ കേൾപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

പ്രാർത്ഥിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും ഉച്ചഭാഷിണി വച്ച് മറ്റ് മതക്കാരെ കേൾപ്പിക്കേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കല്യാണിലെ സായ് ചൗക്കിലുള്ള പാര്‍ട്ടി ഓഫീസിന്‍റെ മുന്നിലാണ് ഉച്ചഭാഷിണി ഉപയോഗിച്ച് എംഎൻഎസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ഗീതങ്ങള്‍ ഉറക്കെ കേള്‍പ്പിച്ചത്. കൂടാതെ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യവും ഉയര്‍ത്തി.

അതേസമയം, മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന രാജ് താക്കറെ ആവശ്യത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ശിവസേന എംപി സഞ്ജയ് റൗട്ട്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അശോക് ചവാന്‍ എന്നിങ്ങനെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സ്പോണ്‍സര്‍ ചെയ്ത സ്ക്രിപ്റ്റിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് രാജ് താക്കറെയുടെ പരാമര്‍ശമെന്നാണ് സഞ്ജയ് റൗട്ട് തുറന്നടിച്ചത്. 

'ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍...'; വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നര്‍സിംഗാനന്ദ്

ദില്ലി: മതനേതാവ് യതി നര്‍സിംഗാനന്ദിന്‍റെ (Yati Narsinghanand) വിദ്വേഷ പ്രസംഗം വീണ്ടും വിവാദത്തില്‍. ദില്ലിയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലായിട്ടുള്ളത്. ഒരു മുസ്ലിം ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ 50 ശതമാനം ഹിന്ദുക്കളെയും മതം മാറ്റുമെന്നാണ് യതി നര്‍സിംഗാനന്ദ് പറഞ്ഞത്. 40 ശതമാനം ഹിന്ദുക്കളെയും കൊല്ലും. പത്തു ശതമാനം പേരെ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ യതി നര്‍സിംഗാനന്ദിനെതിരെ കേസെടുത്തിട്ടുണ്ട്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തി ദില്ലി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇതാദ്യമായല്ല യതി നര്‍സിംഗാനന്ദ് ഇത്തരമൊരു വിവാദത്തില്‍ ഉള്‍പ്പെടുന്നത്.

മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം അറസ്റ്റിലായിരുന്നു. അന്ന് ഹരിദ്വാറിലെ ധരം സന്‍സദില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ദില്ലയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്വേഷ പ്രസംഗത്തിന് പുറമെ തങ്ങളെ ആക്രമിച്ചുവെന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പരാതിയിലാണ് രണ്ട് കേസുകള്‍ എടുത്തിട്ടുള്ളത്.