ജയ്പൂര്‍: പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാജസ്ഥാന്‍ സ്വദേശി പെഹ്ലു ഖാനെതിരെ പൊലീസ് പശുക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ടം പെഹ്ലു ഖാനെ തല്ലിക്കൊന്നത്. പെഹ്ലു ഖാന്‍റെ മരണശേഷം, പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 മെയ് 29നാണ്  ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. 

2017 ഏപ്രില്‍ ഒന്നിന് പശുക്കളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയുടെ പേരും കുറ്റപത്രത്തിലുണ്ട്. കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ബൊവിന്‍ ആനിമല്‍ ആക്ടിലെ 5, 8, 9 വകുപ്പുകള്‍ പ്രകാരമാണ് പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 

''ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ പിതാവിനെ നഷ്ടമായി. ഇപ്പോള്‍ പശുക്കടത്ത് നടത്തിയെന്ന് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു'' - പെഹ്ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ്  ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്നാണ് കരുതിയത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. പെഹ്ലു ഖാന്‍റെ ഇളയ മകന്‍ ആരിഫും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സമാനമായ കുറ്റപത്രമാണ് തയ്യാറാക്കിയിരുന്നത്. പെഹ്ലു ഖാന്‍റെ സഹപ്രവര്‍ത്തകരായിരുന്ന റഫീഖ്, അസ്മത് എന്നിവര്‍ക്കെതിരെയും ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. രണ്ടാമത് തയ്യാറാക്കിയ എഫ്ഐആറിലാണ് പെഹ്ലു ഖാന്‍റെയും മക്കളുടെയും പേരും ഉള്‍പ്പെട്ടത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.