ശ്രീനഗര്‍: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരചടങ്ങുകള്‍ തടസപ്പെടുത്ത് നാട്ടുകാര്‍. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മരിച്ച ഡോഡ ജില്ലക്കാരനായ എഴുപത്തിരണ്ടുകാരന്‍റെ സംസ്കാരച്ചടങ്ങുകളാണ് നാട്ടുകാര്‍ തടസ്സപ്പെടുത്തിയത്. 

സംസ്കരിക്കാനുള്ള അനുമതി ലഭിച്ച ശേഷം റെവന്യു, മെഡിക്കല്‍ സംഘത്തോടൊപ്പമാണ് മരിച്ചയാളുടെ ഭാര്യയും രണ്ട് ആണ്‍ മക്കളും മാത്രമായിരുന്നു സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഡോമന മേഖലയിലെ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ ഇവിടേക്ക് തടിച്ച് കൂടിയ ആളുകളഅ‍ ഇവരെ കല്ലെറിയുകയും കമ്പുകള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായുമാണ് ആരോപണം. 

പിതാവിന്‍റെ പാതി കത്തിയ മൃതദേഹവുമായി അവിടെ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നുവെന്നാണ് മക്കല്‍ ഇന്ത്യ ടുഡേയോട് വിശദമാക്കിയത്. ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ച ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചതെന്ന് മക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ ഭരണകൂടം ഭാഗ്വതി നഗറിലുള്ള ശ്മശാനത്തില്‍ പ്രൊട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്കരിച്ചതായാണ് റിപ്പോര്‍ട്ട്. 

സംസ്കാരചടങ്ങിന് തടസമുണ്ടാവില്ലെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ച ഉറപ്പിനെ അനുസരിച്ചായിരുന്നു അവിടേക്ക് പോയത്. ആംബുലന്‍സ് ഡ്രൈവറും മറ്റ് ജീവനക്കാരും സഹകരിച്ചിരുന്നില്ലെങ്കില്‍ അവിടെ മറ്റെന്തെങ്കിലും നടക്കുമെന്നാണ് ഭയന്നതെന്ന്ന മകന്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. സ്ഥലത്ത് രണ്ട് പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും തടിച്ച് കൂടിയ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാനാവാതെ വരികയായിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാന്‍ സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.