Asianet News MalayalamAsianet News Malayalam

മൊബൈൽ ചാർജറിൽ നിന്നും പൊട്ടിത്തെറി, തീ കിടക്കയിലേക്ക് പടർന്നു പിടിച്ചു; 4 കുട്ടികൾ യുപിയിൽ വെന്തുമരിച്ചു

കുട്ടികൾ കിടന്നിരുന്ന കിടക്കയിലേക്ക് തീ  പടർന്ന് പിടിച്ചതാണ് നാല് ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്.
 

Mobile Phone charger sparks fire 4 kids burnt alive in Uttar Pradesh Meerut vkv
Author
First Published Mar 25, 2024, 9:59 AM IST

മീററ്റ്: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം.  മൊബൈൽ ഫോൺ ചാർജറിൽ‌ നിന്നുള്ള  ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണ് നാല് കുട്ടികളുടെ ജീവനെടുത്തത്. വീട്ടിൽ കുത്തിയിട്ടിരുന്ന ചാർജറിൽ നിന്നും തീ പടർന്നാണ് നാല് കുട്ടികൾ വെന്തുമരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. സരിക (12), നിഹാരിക (8), ഗോലു (6), ഖാലു (5) എന്നിവരാണ് മരിച്ച കുട്ടികൾ. ശനിയാഴ്ച രാത്രിയിലാണ് ഉത്തർപ്രദേശിനെ നടുക്കിയ അപകടമുണ്ടായത്.  അപകടം നടക്കുന്ന സമയത്ത് കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. കുത്തിയിട്ട  ചാർജറിൽ ചെറിയ ഷോർട്ട് സർക്യൂട്ട് ഉണ്ടായി, പിന്നാലെ ചാർജറിന് തീപിടിച്ചു. കുട്ടികൾ കിടന്നിരുന്ന കിടക്കയിലേക്ക് തീ  പടർന്ന് പിടിച്ചതാണ് നാല് ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്.

തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. കുട്ടികളുടെ കരച്ചിൽ  കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോഴാണ് ഇവർ തീപിടിത്തം കണ്ടത്. അപ്പോഴേക്കും കുട്ടികളുടെ ശരീരത്തിൽ തീപിടിച്ചിരുന്നു. ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. പ്രദേശവാസികൾ ഓടിയെത്തിയാണ് കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്.  60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്. 

Read More : കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഇന്ന് 5 ജില്ലകളിൽ മഴ, ജാഗ്രത നിർദ്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios