2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷവും, 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച പതിമൂന്നാമത്തെ വർഷവുമാണിത്
ഡൽഹി: മഴയുടെ അളവിൽ ഗണ്യമായ കുറവോടെ ഇന്ത്യയിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തുടനീളം ശരാശരി ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴയ്ക്ക് പകരം 759.4 മില്ലിമീറ്റർ മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട ശരാശരിയുടെ 87 ശതമാനം മാത്രമാണ്. അതായത് ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. 2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷവും, 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച പതിമൂന്നാമത്തെ വർഷവുമാണിത്.
വൈകി എത്തിയതും തുടക്കത്തിൽ കടുത്ത മന്ദഗതിയിലായതുമാണ് ഈ വർഷത്തെ മൺസൂണിന്റെ പ്രധാന സവിശേഷത. ആൻഡമാൻ കടലിൽ മെയ് 16ന് എത്തിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. ജൂൺ 4നാണ് കേരളത്തിൽ കാലവർഷമെത്തിയത്. സാധാരണ വരേണ്ട തീയതിയായ ജൂൺ 1ൽ നിന്നും വൈകിയായിരുന്നു ഇത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുന്നേറ്റവും മന്ദഗതിയിലായി. ജൂൺ മാസത്തിൽ ശരാശരിയുടെ 65 ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 36 സബ് ഡിവിഷനുകളിൽ 22 എണ്ണത്തിലും ജൂണിൽ കടുത്ത മഴക്കുറവ് അനുഭവപ്പെട്ടു. എന്നാൽ ജൂലൈ മാസത്തിൽ അന്തരീക്ഷത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം മഴ സാധാരണ നിലയിലേക്ക് എത്തുകയും ശരാശരിയുടെ 101 ശതമാനം മഴ ലഭിക്കുകയും ചെയ്തു. മധ്യേന്ത്യയിൽ ജൂലൈയിൽ മികച്ച മഴ ലഭിച്ചെങ്കിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുറവായിരുന്നു.
ഓഗസ്റ്റ് മാസത്തിൽ മഴ വീണ്ടും ശക്തികുറഞ്ഞ് ശരാശരിയുടെ 84 ശതമാനത്തിലേക്ക് താഴുകയും ദക്ഷിണേന്ത്യയെ കടുത്ത രീതിയിൽ ബാധിക്കുകയും ചെയ്തു. എന്നാൽ സെപ്റ്റംബർ അവസാനത്തോടെ ഉണ്ടായ ശക്തമായ മഴക്കെടുതികൾ സീസണിലെ മൊത്തത്തിലുള്ള കുറവ് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ലഭിച്ച മഴ ശരാശരിയുടെ 92 ശതമാനമായിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ശരാശരിയോടടുത്ത മഴ ലഭിച്ചപ്പോൾ, കിഴക്കൻ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും മഴയുടെ അളവ് വളരെ കുറവായിരുന്നു. കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യയിൽ 1901ന് ശേഷം ലഭിച്ച ഏറ്റവും കുറഞ്ഞ മൺസൂൺ മഴയാണിത്. ദക്ഷിണേന്ത്യയിൽ ഇത് 1901ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ്.രാജ്യത്തെ 36 കാലാവസ്ഥാ സബ് ഡിവിഷനുകളിൽ ഒഡീഷ മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ച ഏക സബ് ഡിവിഷൻ. പാശ്ചാത്യ അസ്വസ്ഥതകളും എൽ നിനോ പ്രഭാവത്തിന്റെ സന്നിധ്യവും മഴയുടെ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


