രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ ഐടി മന്ത്രാലയത്തിലെ അവസരം വിനിയോഗിക്കുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

ദില്ലി: മുഖം മിനുക്കിയ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം. പുതിയ മന്ത്രിമാര്‍ മന്ത്രാലയങ്ങളില്‍ ചുമതലയേറ്റു. വിവര സാങ്കേതിക മന്ത്രാലയത്തിന്‍റെ ചുമതലയുള്ള അനുരാഗ് ടാക്കൂറാണ് ആദ്യം ചുമതലയേറ്റത്. പിന്നാലെ റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നിയമമന്ത്രി കിരണ്‍ റിജിജു എന്നിവരും മന്ത്രാലയങ്ങളുടെ ചുമതലക്കാരായി. പൂജക്ക് ശേഷമാണ് കിഷന്‍ റെഡ്ഡി ടൂറിസം മന്ത്രിയുടെ ചുമതലയേറ്റെടുത്തത്. 

മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഇന്ന് വൈകുന്നേരത്തോടെ ചുമതലയേല്‍ക്കും. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ ഐടി മന്ത്രാലയത്തിലെ അവസരം വിനിയോഗിക്കുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ട ശേഷമാണ് മന്ത്രിമാര്‍ ചുമതലയേറ്റത്. വൈകുന്നരം അഞ്ച് മണിക്കാണ് ആദ്യ മന്ത്രിസഭ യോഗം ചേരുക. നിലവിലെ കൊവിഡ് സാഹചര്യമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തേക്കും. പിന്നാലെ കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗവും ചേരും. അതേ സമയം പശ്ചിമബംഗാളടക്കം ചില സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ച സൗമിത്ര ഖാന്‍ എംപിയെ ദില്ലിക്ക് വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ജനാഭിലാഷം നിറവേറ്റാന്‍ പുതിയ സംഘവുമായി പ്രവര്‍ത്തനം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona