ദില്ലി: പാര്‍ലമെന്റില്‍ അംഗബലം കുറവാണെന്നോര്‍ത്ത്‌ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകമായ പ്രതിപക്ഷത്തിന്‌ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സവിശേഷ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

"അംഗങ്ങളുടെ എണ്ണം ഓര്‍ത്ത്‌ പ്രതിപക്ഷം ആശങ്കപ്പെടേണ്ട ആവശ്യമില്ല. അവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്റ്‌ നടപടികളില്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ്‌". 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‌ മുമ്പ്‌ മാധ്യമങ്ങളോട്‌ പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിലേക്ക്‌ വന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം നമ്മള്‍ മറക്കണം. നിഷ്‌പക്ഷമായി കാര്യങ്ങളെ നോക്കിക്കാണാനും രാജ്യതാല്‌പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കാനും തയ്യാറാകണമെന്നും മോദി അഭിപ്രായപ്പെട്ടു.