ദില്ലി: മകളുടെ വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചതിന്‍റെ കൂടെ തമിഴ്നാട് സ്വദേശി രാജശേഖരന്‍ പ്രധാനമന്ത്രിക്കും അയച്ചു ഒരു സ്പെഷ്യല്‍ ക്ഷണക്കത്ത്. കത്തിന്  മറുപടി പോലും രാജശേഖരന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ച് കൊണ്ട് മോദിയുടെ മറുപടിയെത്തി. 

വിരമിച്ച മെഡിക്കല്‍ റിസര്‍ച്ചറും സൂപ്പര്‍വൈസറുമായ തമിഴ്നാട് വെള്ളൂര്‍ സ്വദേശി രാജശേഖരനാണ് മകള്‍ ഡോ. രാജശ്രീയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. സെപ്തംബര്‍ 11-നാണ് വിവാഹം. മറുപടി പ്രതീക്ഷിക്കാതിരുന്ന ക്ഷണക്കത്തിന് മോദി മറുപടിയും നല്‍കി. 'താങ്കളുടെ മകള്‍ ഡോ. രാജശ്രീയും ഡോ. സുദര്‍ശനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോകുന്നതില്‍ ഏറെ സന്തോഷമുണ്ട്. മഹത്തായ ഈ അവസരത്തില്‍ എന്നെ ക്ഷണിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. വധൂവരന്‍മാരുടെ ഭാവിജീവിതം എല്ലാവിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ'- മറുപടി കുറിപ്പില്‍ മോദി അറിയിച്ചു. 

മോദിയുടെ തിരക്കിനിടയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മറുപടി കുറിപ്പ് കുടുംബത്തെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. മോദി അയച്ച മറുപടി കുറിപ്പ് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങള്‍.