'ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു'.
ബെംഗളൂരു: ചന്ദ്രന്റെ ദക്ഷണിധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നുവെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ-2 കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം 'തിരംഗ' എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കും. ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷം. വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചത് പോലെ തന്നെ ഓഗസ്റ്റ് 23 ന് വൈകീട്ട് 6.03നായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയത്. മണിക്കൂറുകള്‍ക്ക് പിന്നാലെ ചന്ദ്രയാൻ 3ന്റെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ഇന്ത്യൻ മുദ്രയും അശോക സ്തംഭത്തിന്‍റെ മുദ്രയും ചന്ദ്രനിൽ പതിഞ്ഞു. പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകുമെന്നാണ് ഐഎസ്ആര്‍ഒ വിശദമാക്കുന്നത്.
ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്. സോഫ്റ്റ് ലാൻഡിങ്ങ് വിജയമായതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനങ്ങളിൽ പൊതിയുകയാണ് ആഗോള ബഹിരാകാനാശ ഏജൻസികൾ. റഷ്യയും നേപ്പാളും യുഎസും യുഎഇയും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ചന്ദ്രയാൻ 3 ന്‍റെ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രതികരിച്ചിട്ടുണ്ട്.
രാജ്യപ്രൗഢി ചന്ദ്രനോളം എത്തിച്ചവർ, ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
