Asianet News MalayalamAsianet News Malayalam

മോദിക്കെതിരെ കൈകോര്‍ക്കാന്‍ പ്രതിപക്ഷം; ബദലാകുമോ സഖ്യനീക്കം? സാമ്പത്തികരംഗം ഉയർത്തി പ്രചാരണം

സാമ്പത്തിക പ്രതിസന്ധി, തൊഴില്ലായ്മ അടക്കം ഉയർത്തി പ്രതിപക്ഷം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.  

Modi Government enters 10th year Opposition to join hands against Narendra Modi nbu
Author
First Published May 30, 2023, 11:32 AM IST

ദില്ലി: മോദി സര്‍ക്കാരിന്‍റെ ഒൻപതാം വാർഷികത്തിൽ 9 ചോദ്യങ്ങളുമായാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷം സർക്കാരിനെ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി, തൊഴില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. കർണ്ണാടക തെരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തിൽ സംയുക്ത ഐക്യനീക്കവുമായി നീങ്ങുന്ന പ്രതിപക്ഷത്തെയാണ് മോദി സര്‍ക്കാരിന്‍റെ ഒൻപതാം വർഷത്തിൽ കാണാന്‍ കഴിയുന്നത്.

2019 ൽ മിന്നും ജയം നേടി മോദി തിരികെ എത്തിയിരുന്നങ്കിലും അതേസമയത്ത് ഒഡീഷയിൽ ഭരണം പിടിച്ചത് നവീൻ പട്നായിക്കാണ്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടിയെങ്കിലും ഉദ്ധവും പവാറും കോൺഗ്രസും ചേർന്ന് മോദിയെ മലർത്തി അടിച്ചു. വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ അധികാരം ബിജെപി തിരികെ പിടിച്ചത്. ബീഹാറിൽ നിതീഷും ബിജെപിയും ചേർന്നുള്ള സഖ്യമാണ് വിജയിച്ചതെങ്കിലും പിന്നീട് നീതീഷ് സഖ്യം വിട്ടു.

ഇന്ന് പ്രധാനപ്രതിപക്ഷ ഐക്യനീക്കത്തിലാണ് നീതീഷുള്ളത്. പഞ്ചാബിലും തമിഴ്നാട്ടിലും കേരളത്തിലും ഒടുവിൽ കർണാടകത്തിലും പ്രതിപക്ഷമാണ് വിജയം കണ്ടത്. അതായത് കഴി‍‍ഞ്ഞ നാല് കൊല്ലത്തിൽ പലയിടത്തും ബിജെപി പരാജയപ്പെട്ടു. ലോക്സഭയിൽ മോദിയെ എതിർക്കാൻ ഇന്നും കൂടുതൽ ശേഷി കോൺഗ്രസിന് തന്നെയാണ്. കർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ആസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എല്ലായിടത്തും എതിരാളി കോൺഗ്രസാണ്. 150 സീറ്റിലെങ്കിലും നേർക്കുനേർ പോരാട്ടം. എന്നാല്‍ കോൺഗ്രസ് ശക്തമായാലേ മോദിക്ക് ഭയക്കാനുള്ളു. 

Also Read: മോദി സർക്കാർ 10-ാം വർഷത്തിലേക്ക്; നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ച് വൻ പ്രചാരണ പരിപാടിക്കൊരുങ്ങി ബിജെപി

ഇക്കുറി വിശാല പ്രതിപക്ഷ നീക്കത്തിനാണ് പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഒരു വർഷം സാക്ഷിയാകുന്നത്. പണപ്പെരുപ്പം, ജിഎസ്ടി, നോട്ട് നിരോധനം അടക്കം സർക്കാർ നയങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തി ഒമ്പത് ചോദ്യങ്ങൾ കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിഛായ മെച്ചപ്പെടുത്തിയ രാഹുലിനെ തന്നെയാണ് കോൺഗ്രസ് മോദിക്കെതിരെ മുന്നോട്ട് വെക്കുന്നത്. പ്രതിപക്ഷ ഐക്യം നീക്കങ്ങൾക്ക് നീതീഷ് കുമാറും മുന്നിലുണ്ട്.

കോൺഗ്രസ് ചേരിയിൽ നിന്ന് വിട്ടുനിന്നിരുന്നു എഎപിയും ഓർഡിനൻസ് വിഷയത്തിൽ സഹായം അഭ്യർത്ഥിച്ച് കോൺഗ്രസിന്റെ പടികയറുകയാണ്. ഒന്നിച്ച് നിന്നാൽ പലയിടങ്ങളിലും വിജയം ഉറപ്പെന്ന് പ്രതിപക്ഷവും കണക്കൂകൂട്ടുന്നു. 400 സീറ്റിൽ വിജയം ലക്ഷ്യമിടുന്ന ബിജെപിയെ കേവല ഭൂരിപക്ഷത്തിലും താഴെ എത്തിക്കാനായാൽ മാത്രമേ ഈ സഖ്യനീക്കം വിജയം കാണൂ. എന്നാൽ പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്ന ഒന്നിലധികം നേതാക്കൾ അടങ്ങുന്ന ഈ സഖ്യനീക്കത്തിന്റെ ഭാവിയും നിർണ്ണായകമാണ്.

Follow Us:
Download App:
  • android
  • ios