മോദിയുടെ ഡിമാന്റ് ഇടിഞ്ഞതോടെ മോദി ജാക്കറ്റിന്റെ ഡിമാന്റും കുത്തനെ നിലംപതിച്ചെന്നാണ് വിമർശകരുടെ വാദം.

മുംബൈ: അഞ്ചു കൊല്ലം മുന്‍പ് തരം​ഗമായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാക്കറ്റിന് ഇത്തവണ ആ​രാധകർ ഇല്ല. 35 ജാക്കറ്റ് വീതം ദിവസവും വിറ്റുകൊണ്ടിരുന്നിടത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്ന് എന്ന നിലയിലേക്ക് കച്ചവടം കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സജീവമാകുമ്പോൾ വിൽപ്പനയിൽ വ്യത്യാസം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്യാസത്തിലാണ് ഇപ്പോൾ വ്യാപാരികൾ. കഴിഞ്ഞ ഒരു വര്‍ഷം 10 ജാക്കറ്റ് മാത്രമാണ് വിറ്റതെന്നാണ് പരമ്പരാ​ഗത വസ്ത്രവ്യാപാരിയായ രാജേന്ദ്ര ഭാവ്‌സ പറഞ്ഞു. 

കാർഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വിൽപ്പനയെ മോശമായി ബാധിച്ചുവെന്നാണ് മറ്റൊരു വ്യാപാരി പറയുന്നത്. നിലവിൽ എടുത്തുവെച്ചിരിക്കുന്ന സ്റ്റോക്കുകൾ എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാ​ഗം വ്യാപാരികളെന്ന് വാർത്താ ഏജൻസിയായ പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 17ന് ദില്ലിയിലെ കൊണൗട്ട് പ്ലേസിലുള്ള ഖാദി കേന്ദ്രത്തിലാണ് ജാക്കറ്റുകളും കുര്‍ത്തകളും ഖാദി ഇന്ത്യ അവതരിപ്പിച്ചത്. കൊണൗട്ട് പ്ലേസിലെ ഔട്ട്‌ലെറ്റില്‍ നിന്നും 2018 ഒക്ടോബര്‍ മാസത്തില്‍ മാത്രം 14.76 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം മോദിയുടെ ഡിമാന്റ് ഇടിഞ്ഞതോടെ മോദി ജാക്കറ്റിന്റെ ഡിമാന്റും കുത്തനെ നിലംപതിച്ചെന്നാണ് വിമർശകരുടെ വാദം. രാജ്യതലസ്ഥാനത്തുള്ള ഏഴ് ഖാദി കേന്ദ്രങ്ങളില്‍ നിന്ന് പ്രതിദിനം 1,400 ല്‍ അധികം വസ്ത്രങ്ങളാണ് വിറ്റുപോവുന്നതെന്ന് പിടിഐ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.