ലക്നൗ:പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ന്യായീകരിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ലക്നൗവിൽ പറഞ്ഞു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലും മരിച്ചവരുടെ എണ്ണം ഇരുപതായി ഉയർന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

അക്രമം നടത്തുന്നവരോട് പറയാനുള്ളത് അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണെന്നാണ്. ഇത് സംരക്ഷിക്കാനുള്ള ബാധ്യതയും ജനങ്ങൾക്കുണ്ട് - പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് പോലീസ് പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നു എന്ന പരാതി ഉയരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ പിന്തുണ. 

കള്ളപ്രചാരണത്തിൽ കുടുങ്ങി ആരും അക്രമത്തിനു ശ്രമിക്കരുത്. പൊതുമുതൽ സംരക്ഷിക്കേണ്ടതുണ്ട്. സർവ്വകലാശാലകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലാകെ നിരവധി പേർ വെടിയേറ്റ് മരിച്ചതിൽ മനുഷ്യവകാശ കമ്മീഷൻ ഇന്ന് നോട്ടീസയച്ചതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഫിറോസാബാദിലെ സംഘർഷത്തിൽ പരിക്കേറ്റ മുക്കിം എന്ന യുവാവ് ഇന്നലെ വൈകിട്ട് മരിച്ചതോടെയാണ് മരണസംഖ്യ ഇരുപതായി ഉയര്‍ന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മുക്കിമിന് വയറില്‍ വെടിയേറ്റിരുന്നു. ഇതിനിടെ അക്രമത്തിന്‍റെ  കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു.

രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പോലീസ് നോട്ടീസ് നല്കി. അലിഗഢ് മുസ്ലിം സർവ്വകലാശാലയിൽ മെഴുകുതിരി കത്തിച്ചുള്ള മാർച്ചിൽ പങ്കെടുത്ത 1200 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ അക്രമങ്ങളിലും പോലീസ് നടപടിയിലും ഉന്നതതല അന്വേഷണം എന്ന ആവശ്യം ശക്തമാകുകയാണ്.