വളകള്‍ കൊണ്ട്‌ വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ്‌ മോദി എന്ന്‌ സിദ്ദു പറഞ്ഞു.

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിം​ഗ് സിദ്ദു. നരേന്ദ്ര മോദിയെ നവവധുവുമായി ഉപമിച്ചായിരുന്നു സിദ്ദുവിന്റെ പരാമർശം. വളകള്‍ കൊണ്ട്‌ വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ്‌ മോദി എന്ന്‌ സിദ്ദു പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് നവജ്യോത് സിംഗ് സിദ്ദു മോദിക്കെതിരെ ആഞ്ഞടിച്ചത്. 

മോദി നവവധുവിനെ പോലെയാണ്. അവർ കുറച്ച് റൊട്ടികൾ മാത്രമേ ഉണ്ടാക്കുകയുള്ളു. പക്ഷേ വളകൾ കിലുക്കി വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അവര്‍ വളരെയധികം ജോലി ചെയ്യുകയാണെന്ന് അയൽക്കാർ കരുതും. ഇതാണ് മോദി സർക്കാരിന്‍റെ കാര്യത്തിലും നടക്കുന്നതെന്ന് സിദ്ദു പറഞ്ഞു. ടൈംസ് മാസികയുടെ കവര്‍ സ്റ്റോറിയെ സൂചിപ്പിച്ച്‌ മോദി കള്ളം പറയുന്നതിന്റെ തലവന്‍, ഭിന്നിപ്പിക്കലിന്റെ തലവന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ ഒക്കെയാണെന്നും സിദ്ദു പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ 'കറുത്ത തൊലിയുള്ള ബ്രിട്ടീഷുകാര്‍' എന്ന്‌ വിളിച്ചുള്ള നവജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച മൗലാനാ ആസാദിൻ്റെയും മഹാത്മാ ഗാന്ധിയുടെയും പാര്‍ട്ടിയാണ് കോൺഗ്രസ്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ജനങ്ങള്‍ കോൺഗ്രസിനാണ് വോട്ട് ചെയ്യേണ്ടതെന്നും സിദ്ദു പറഞ്ഞു. 

അനിൽ അംബാനിക്ക് നേട്ടം ഉണ്ടാക്കാനാണ് റഫാൽ കരാറിൽ ഒപ്പുവച്ചത്. മോദി രക്തസാക്ഷികളുടെ മൃതദേഹം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും സിദ്ദു ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരായ സിദ്ദുവിന്റെ പരാമര്‍ശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സിദ്ദുവിന് നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.