ദില്ലി: സത്യപ്രതിജ്ഞ ദിവസവും ഔദ്യോ​ഗിക കാര്യങ്ങളിൽ വ്യാപൃതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർ​ഗിസ്ഥാൻ പ്രധാനമന്ത്രി സൂരണ്‍ബേ ജെന്‍ബികോവുമായി നരേന്ദ്രമോദി ചർച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരുപോലെ ​ഗുണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇരു നേതാക്കളും നടത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം മോദി സർക്കിരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരും പങ്കെടുത്തിരുന്നു.

ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞ ചടങ്ങിനെ കൂടുതൽ വിശേഷമുള്ളതാക്കി മാറ്റുന്നുവെന്നും അവരെ  ഇന്ത്യ പ്രത്യേകം ബഹുമാനിക്കുന്നുവെന്നും നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. 

തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാചും ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.