ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയിലെ പാഠങ്ങൾ പരിചയപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനിമേഷൻ വീഡിയോകൾ വൈറലാകുന്നു. യോഗാ മുറകളായ ത്രികോണാസനത്തിനും തടസനത്തിനും പിന്നാലെ ശലഭാസനത്തിന്റെ വീഡിയോയാണ് പുതുതായി മോദി പങ്കുവച്ചിരിക്കുന്നത്.

ശലഭാസനത്തിന്റെ ഗുണഗണങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോ. ശലഭാസനം ചെയ്യുന്നതിലൂടെ കൈക്കുഴകൾക്കും മസിലുകൾക്കും ബലം ലഭിക്കുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു.

ത്രികോണാസനത്തിന്റെ അനിമേഷൻ വീഡിയോയാണ് മോദി ആദ്യം പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് 'യോഗ ഗുരു' എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരുന്നത്. ജൂണ്‍ 21ന്‌ 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്‌. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്‌ എന്നാണ്  ത്രികോണാസന വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റ്‌ ചെയ്‌തത്. 

രണ്ടാമതായി തടാസനത്തിന്‍റെ വീഡിയോയാണ് മോദി ട്വീറ്റ് ചെയ്തത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നും മോദി  ട്വിറ്ററിൽ കുറിച്ചിരുന്നു.