റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.
ദില്ലി: ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു, കൂടാതെ ജി 20 അംഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.
നമ്മുടെ കഠിനാധ്വാനം കൊണ്ടും, കൂട്ടായ പ്രവര്‍ത്തനം കൊണ്ടും ദില്ലി ജി 20 ഉച്ചകോടി പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ പ്രഖ്യാപനം സ്വീകരിക്കുന്നതായി അറിയിക്കുന്നു എന്നാണ് സമവായം സാധ്യമായതിനെക്കുറിച്ച് മോദി പറഞ്ഞത്. ഏറെ നാളത്തെ ചർച്ചകൾക്കു ശേഷമാണ് ജി20 സംയുക്ത പ്രഖ്യാപനത്തിലേക്ക് എത്താൻ ഇന്ത്യയ്ക്കായത്. ആകെ 83 ഖണ്ഡികയുള്ള പ്രഖ്യാപനത്തിൽ എട്ടു ഖണ്ഡികയാണ് രാഷ്ട്രീയ വിഷയങ്ങൾക്ക് മാറ്റി വച്ചത്.
റഷ്യ യുക്രെയിൻ സംഘർഷം യുഎൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ തീർക്കണം എന്ന് പ്രഖ്യാപനം നിർദ്ദേശിക്കുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്ത് കടന്നുകയറാൻ പാടില്ല. യുക്രെയിൻ സംഘർഷം കൊവിഡിനു ശേഷമുള്ള മനുഷ്യ ദുരിതം വർദ്ധിപ്പിച്ചു എന്നും പ്രഖ്യാപനം പറയുന്നു. എന്നാൽ റഷ്യയ്ക്കെതിരായ കടുത്ത പരാമർശങ്ങൾ ഒഴിവാക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും അംഗീകരിച്ചു.
ഇന്നലെ ജോ ബൈഡനുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ഇക്കാര്യത്തിൽ നിർണ്ണായകമായി. ബൈഡൻറെയും മോദിയുടെയും നേതൃത്വത്തിൽ ഇന്ന് ഗൾഫ്, യൂറോപ്യൻ മേഖലയിലെ രാജ്യങ്ങളും ജപ്പാനും യോഗം ചേർന്നാണ് ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തുറമുഖങ്ങളെ ഗൾഫുമായും അവിടെ നിന്ന് യൂറോപ്പിനെ റെയിൽമാർഗ്ഗവും ബന്ധിപ്പിക്കുന്നതാവും ഇടനാഴി.
ചൈനയുടെ വൺബെൽറ്റ് പദ്ധതിക്ക് ബദലായി യുഎസും ഇസ്രയേലും ശുപാർശ ചെയ്ത പദ്ധതിക്കാണ് ഗൾഫ് രാജ്യങ്ങളും അംഗീകാരം നല്കിയിരിക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷം തുടരുമ്പോഴാണ് ഇന്ത്യ ഈ പദ്ധതിയിൽ ചേർന്ന് ശക്തമായ സന്ദേശം നല്കുന്നത്. ജൈവ ഇന്ധന വികസനത്തിനുള്ള അന്താരാഷ്ട്ര സഖ്യം ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും സർക്കാരിന് നേട്ടമായി.
