ന്യൂയോര്‍ക്ക്: ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയാകുന്നതിനിടെ ഇന്ത്യന്‍ കോടതികളില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യവും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന നീതിന്യായ വ്യവസ്ഥയുമാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്ന രണ്ട് ഘടകങ്ങളെന്ന് മോദി പറ‍ഞ്ഞു. ന്യൂയോര്‍ക്കിലെ ബ്ലൂംസ്ബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ അമേരിക്കന്‍ വ്യവസായി മൈക്കിള്‍ ബ്ലൂംസ്ബെര്‍ഗുമായുള്ള സംഭാഷണത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.

എന്തുകൊണ്ടാണ് ആഗോള നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന് വിശദമാക്കുന്നതിനിടെയാണ് മോദി ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനായത്. തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍  അവയെ വ്യഖ്യാനിക്കുന്നതിന്  ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. 

'രണ്ട് പ്രധാന ഘടകങ്ങളാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്; ജനാധിപത്യവും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന നീതിന്യായ വ്യവസ്ഥിതിയും. ഇംഗ്ലീഷിന്‍റെ ഉപയോഗം, കോടതിയില്‍ തര്‍ക്കങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.  ഇവിടെയാണ് ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നത്'- മോദി പറഞ്ഞു.

പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മോദി ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ്  സംസാരിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയുടെ മുന്‍ മേയര്‍ മോദിയോട് ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഹിന്ദിയില്‍ മറുപടി നല്‍കി. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന്‍റെ പ്രയോജനത്തെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം ശ്രദ്ധേയമാകുകയാണ്. 

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമുള്ള അമിത് ഷായുടെ വാദമാണ് വിവാദമായത്. ഇതിനെതിരെ നിരവധി പ്രമുഖര്‍ പ്രതിഷേധവുമയി രംഗത്തെത്തിയിരുന്നു.