Asianet News MalayalamAsianet News Malayalam

'കളളന്മാര്‍ക്കെല്ലാം പേര് മോദി' പരാമര്‍ശം; കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം

ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു വിവാദ പരാമര്‍ശം.

modi surname defamation case rahul gandhi to appear court
Author
Gujarat, First Published Oct 9, 2019, 12:58 PM IST

സൂററ്റ്: അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ഒക്ടോബര്‍ 10 ന് സൂററ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് രാഹുലിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. ബിജെപി എംഎല്‍എ പുര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ കോടതി കഴിഞ്ഞ മേയ് മാസത്തില്‍ രാഹുലിന് സെമന്‍സ് അയച്ചിരുന്നു. 

എല്ലാ കള്ളന്മാര്‍ക്കും എന്ത് കൊണ്ടാണ് മോദിയെന്ന പേരെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് കേസിന് ആസ്പദം. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു വിവാദ പരാമര്‍ശം. 

ഒക്ടോബര്‍ പത്തിന് തന്നെ രാഹുല്‍ കോടതിയില്‍ ഹാജരാകുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്  അമിത് ചബദ വ്യക്തമാക്കി. എയര്‍പോര്‍ട്ട് മുതല്‍ കോടതി വരെയുള്ള വഴിയിലുടനീളം രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും രാഹുലിന്‍റെ പരാമര്‍ശത്തില്‍ അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios