ബംഗളുരു: ചാന്ദ്രയാന്‍ രണ്ടിന്‍റെ ലാന്‍റിംഗിന് സാക്ഷികളാകാന്‍ ഐഎസ്ആര്‍ഒ ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തിയ എഴുപത് സ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ പ്രസിഡന്‍റാകാനുള്ള വഴികള്‍ ചോദിച്ച കുട്ടികളിലൊരാളോട് എന്തുകൊണ്ട് പ്രധാനമന്ത്രിയാകാന്‍ ലക്ഷ്യം വയ്ക്കുന്നില്ലാ എന്നാണ് മോദി തിരിച്ച് ചോദിച്ചത്. 

''എന്‍റെ ലക്ഷ്യം ഇന്ത്യന്‍ പ്രസിഡന്‍റാകുകയാണ്. എന്താണ് ഇതിനായി ഞാന്‍ പിന്തുടരേണ്ടത്'' - എന്നതായിരുന്നു പ്രധാനമന്ത്രി നേരിട്ട ഒരുചോദ്യം. '' എന്തുകൊണ്ട് പ്രസിഡന്‍റ് ? പ്രധാനമന്ത്രിയാകേണ്ടേ ? '' -  മോദി തിരിച്ചുചോദിച്ചു. ''ജീവിതത്തില്‍ വിജയം നേടാന്‍ നന്നായി പഠിക്കുക, നന്നായി അധ്വാനിക്കുക, ആത്മവിശ്വാസം ഉണ്ടാക്കുക''- പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു. 

ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടതിന് പിന്നാലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങള്‍ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ്  ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്.