ദില്ലി: തമിഴ് സാഹിത്യകൃതിയായ തിരുക്കുറൽ വായിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ കൃതി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി തമിഴിലും ഇം​ഗ്ലീഷിലും പങ്കുവച്ച ട്വീറ്റിൽ കുറിച്ചു. 'അങ്ങേയറ്റം പ്രചോദനാത്മകമായ കൃതിയാണ് തിരുക്കുറൽ. സമ്പന്നമായ ചിന്തകളുടെയും ഉത്തമമായ ആദർശങ്ങളുടെയും മികച്ച പ്രചോദനത്തിന്റെയും നിധിയാണിത്. തിരുവള്ളുവറിന്റെ വാക്കുകൾക്ക് പ്രതീക്ഷയും തെളിച്ചവും പകരാൻ കഴിവുണ്ട്. ഇന്ത്യയിലുടനീളമുള്ള ചെറുപ്പക്കാർ ഇത് വായിക്കുമെന്ന് ഞാൻ‌ പ്രതീക്ഷിക്കുന്നു.' മോദി ട്വീറ്റിൽ പറഞ്ഞു.

തമിഴ് സാഹിത്യത്തിലെ അനശ്വര കാവ്യങ്ങളിലൊന്നായിട്ടാണ് തിരുക്കുറളിനെ കണക്കാക്കുന്നത്. 1330 കുറലുകൾ അടങ്ങിയ ​ഗ്രന്ഥമാണ് തിരുക്കുറൽ. ഏഴു പദങ്ങളാണ് ഒരു കുറൽ എന്ന് അറിയപ്പെടുന്നത്. തമിഴ് ബൈബിൾ എന്നും തിരുക്കുറൽ അറിയപ്പെടുന്നു. ആദ്യമായിട്ടല്ല മോദി തിരുക്കുറലിനെ കുറിച്ച് പരാമർശിക്കുന്നത്. ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്തും മോദി തിരുക്കുറലിലെ വരികൾ പരാമർശിച്ചിരുന്നു.