അഹമ്മദാബാദ്: പ്രധാനമന്ത്രിയായി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വീട്ടിലെത്തി അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് നരേന്ദ്ര മോദി. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയപ്പോളാണ് മോദി അമ്മ ഹീരാബെന്നിന്‍റെ അടുത്തെത്തി അനുഗ്രഹം തേടിയത്. 98 കാരിയായ മോദിയുടെ അമ്മ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് താമസിക്കുന്നത്.  

ജനം വീണ്ടും അധികാരമേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഭരണമായിരിക്കും അടുത്ത അഞ്ച് വര്‍ഷം കാഴ്ച്ചവെക്കുകയെന്നും  അഹമ്മദാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പറഞ്ഞു. സൂറത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മോദി അനുശോചനമറിയിച്ചു. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ആറ് ഘട്ടം പിന്നിട്ടപ്പോള്‍ ബിജെപിക്ക് 300 സീറ്റ് ലഭിക്കുമെന്ന് താന്‍ പറഞ്ഞു. എന്നാല്‍, എല്ലാവരും കളിയാക്കി. ഫലം വന്നപ്പോള്‍ എന്‍റെ വാക്കുകള്‍ ശരിയായി. ഭരണനേട്ടത്തിനാണ് എല്ലാവരും വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം തന്നെ വിജയിപ്പിച്ച കാശിയിലെ ജനങ്ങളോട് നന്ദി പറയാന്‍ പോകുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.