ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാർട്ടിയുടെ ആരോപണം.

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ (Satyendar Jain) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് നടപടി. 

കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ പുറത്താക്കി ദിവസങ്ങൾക്കകമാണ് ദില്ലി ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി പൊക്കിയത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 

2017ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. ഇന്ന് ദില്ലിയിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മന്ത്രിക്കെതിരെ ബിജെപി കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യേന്ദ്ര ജെയിനെ തോല്‍വി ഭയന്നാണ് ബിജെപി അറസ്റ്റ് ചെയ്തതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസൈവാലെയുടെ കൊലപാതകം ആംആദ്മിപാര്‍ട്ടക്കെതിരെ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെ സത്യേന്ദ്ര ജെയ്നിന്‍റെ അറസ്റ്റും ബിജെപിക്ക് തുറുപ്പ് ചീട്ടാകുകയാണ്.

Scroll to load tweet…

പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വെച്ച് ഇന്നലെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. ആക്രമികൾ സഞ്ചരിച്ച ദില്ലി രജിസ്ട്രേഷൻ കാറ് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി കോടതിയെ സമീപിച്ചു. തീഹാര്‍ ജയിലിലുള്ള തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് ബിഷ്ണോയിയുടെ ആവശ്യം. മൂസേവാലയുടെ മരണത്തില്‍ ലോറൻസ് ബിഷ്ണോയി സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു.

Also Read: മൂസേവാല വധം; 'ജയിലില്‍ താന്‍ കൊല്ലപ്പെട്ടേക്കും', കോടതിയെ സമീപിച്ച് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി