Asianet News MalayalamAsianet News Malayalam

ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷ നേതാക്കൾ‌; എതിർത്ത് പളനിസ്വാമി വിഭാ​ഗം; ഫലം കാണാതെ അനുനയശ്രമം

ശശികല അണ്ണാ ഡിഎംകെയിലേക്ക് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ശശികലയുമായുള്ള അനുനയ ചർച്ചകൾക്കിടെ എതിർപ്പുമായി പളനി സ്വാമി വിഭാ​ഗം രം​ഗത്തെത്തുകയും ചെയ്തു.

more aiadmk leaders support sasikala
Author
Chennai, First Published Feb 2, 2021, 9:46 AM IST

ചെന്നൈ: ശശികലയ്ക്ക് പിന്തുണ അറിയിച്ച് അണ്ണാഡിഎംകെ ഒപിഎസ് പക്ഷത്തെ കൂടുതൽ നേതാക്കൾ രം​ഗത്തെത്തി. ശശികല അണ്ണാ ഡിഎംകെയിലേക്ക് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. ശശികലയുമായുള്ള അനുനയ ചർച്ചകൾക്കിടെ എതിർപ്പുമായി പളനി സ്വാമി വിഭാ​ഗം രം​ഗത്തെത്തുകയും ചെയ്തു.

ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്നലെ മുതൽ തന്നെ അനുനയചർച്ചകൾക്ക് അണ്ണാഡിഎംകെ ശ്രമിച്ചിരുന്നു. കർണാടക അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉൾപ്പടെയുള്ള നേതാക്കൾ ബം​ഗളൂരുവിലെ റിസോർട്ടിലെത്തി ശശികലയുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, ഇതുവരെയും നേതാക്കളെ കാണാൻ ശശികല തയ്യാറായിട്ടില്ല. ഇപ്പോൾ അനുനയ ചർച്ചകളിൽ കാര്യമില്ല എന്നാണ് ശശികല ക്യാമ്പ് വ്യക്തമാക്കുന്നത്. ശശികല ചെന്നൈയിലെത്തിയ ശേഷം പാർട്ടി ഉന്നതാധികാര സമിതി യോ​ഗം വിളിക്കുമെന്നും യഥാർത്ഥ അണ്ണാഡിഎംകെ തങ്ങളാണ് എന്നുമാണ് ശശികല ക്യാമ്പിന്റെ അവകാശവാദം.

അണ്ണാഡിഎംകെയിൽ തന്നെ ശശികലയ്ക്കായി മുറവിളി ഉയരുകയാണ്. ഒ പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ ഉൾപ്പടെ ശശികല അണ്ണാഡിഎംകെയിലേക്ക് തിരികെയെത്തണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ ഉയർന്നുകഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ ശശികലയ്ക്കായി രം​ഗത്തെത്തുകയാണ്. അതേസമയം,അനുനയ ചർച്ചകളിൽ താല്പര്യമില്ലെന്ന നിലപാടാണ് എടപ്പാടി പളനിസ്വാമി പക്ഷം സ്വീകരിച്ചത്. ശശികലയെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് ​ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് അവർക്കുള്ളത്. പാർട്ടിക്കുള്ളിൽ ഭിന്നത ഉയരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സമ്മർദ്ദങ്ങൾക്ക് വഴങ്ങി അനുനയ നീക്കങ്ങൾക്ക് ശ്രമം തടങ്ങിയത്. 

Follow Us:
Download App:
  • android
  • ios