ജയ്‌പൂർ: രാഷ്ട്രീയ പ്രതിസന്ധി ശക്തമായ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ. സംസ്ഥാന സർക്കാരിനെ മറിച്ചിടാൻ ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് അശോക് ഗെലോട്ട് ആരോപിച്ചപ്പോൾ, പാർട്ടി വിടാൻ പണം വാഗ്ദാനം ചെയ്തെന്ന ആരോപണം മറ്റൊരു കോൺഗ്രസ് എംഎൽഎയും ഉന്നയിച്ചു.

സർക്കാരിനെ താഴെ ഇറക്കാൻ കഴിഞ്ഞ ആറ് മാസമായി സച്ചിൻ പൈലറ്റ് ബിജെപിക്കൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയായ ഗെലോട്ടിന്റെ ആരോപണം. ഗൂഢാലോചന നടക്കുന്ന കാര്യം താൻ നിരന്തരം പാർട്ടിയിൽ ഉന്നയിച്ചുവെങ്കിലും ആരും വിശ്വസിച്ചില്ല. നിഷ്‌കളങ്ക മുഖവുമായി നടക്കുന്ന വ്യക്തി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ആരും കരുതിയില്ലെന്നും ഗെലോട്ട് പറഞ്ഞു. പാർട്ടിയെ സച്ചിൻ പൈലറ്റ് പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം വിമർശിച്ചു.

പൈലറ്റിനെതിരെ ആരോപണവുമായി കോണ്ഗ്രസ്സ് എംഎൽഎ ഗിരിരാജ് സിങ് മലിംഗയാണ് രംഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ സച്ചിൻ പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. വാഗ്ദാനം താൻ നിരസിക്കുകയായിരുന്നുവെന്നും, സച്ചിൻ പൈലറ്റ് ഈ തരത്തിൽ ബന്ധപ്പെട്ട കാര്യം അന്ന് തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നുവെന്നും മലിംഗ വ്യക്തമാക്കി.