Asianet News MalayalamAsianet News Malayalam

കര്‍ണാടകത്തിലും തമിഴ്‍നാട്ടിലും തെലങ്കാനയിലും മരണം; രോഗവ്യാപനത്തിലും കുറവില്ല, മഹാരാഷ്ട്രയില്‍ 350 കേസുകള്‍

മാര്‍ച്ച്  24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ മരണ സംഖ്യ 11 ഉം രോഗബാധിതര്‍ 519 ഉം ആയിരുന്നു. പത്ത് ദിവസത്തിന് ശേഷം ഏപ്രില്‍ മൂന്നായപ്പോഴേക്കും മരിച്ചവരുടെ എണ്ണം അന്‍പത്തിയാറായി. 
more covid case report in india
Author
Delhi, First Published Apr 15, 2020, 12:19 AM IST
ദില്ലി: ഇരുപത്തിയൊന്ന് ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗണിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായത് ഇരുപതിരട്ടി വര്‍ധനവ്. മരിച്ചവരുടെ എണ്ണം മുപ്പതിരട്ടിയിലധികമായി. രോഗ വ്യാപനമേഖലകള്‍ കൊവിഡ് മുക്തമെന്ന്
തീരുമാനിക്കാന്‍ 28 ദിവസം വേണ്ടതിനാലാണ് ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്.

മാര്‍ച്ച്  24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ മരണ സംഖ്യ 11 ഉം രോഗബാധിതര്‍ 519 ഉം ആയിരുന്നു. പത്ത് ദിവസത്തിന് ശേഷം ഏപ്രില്‍ മൂന്നായപ്പോഴേക്കും മരിച്ചവരുടെ എണ്ണം അന്‍പത്തിയാറായി. രോഗംബാധിച്ചത് 855 പേര്‍ക്കാണ്. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഇന്ന് മരണ സംഖ്യ മൂന്നൂറ് കടന്നു. രോഗബാധിതരുടെ എണ്ണം പതിനായിരത്തിനപ്പുറവും. പതിനഞ്ചോടെ രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തോളമാകുമെന്നായിരുന്നു ഐസിഎമ്മാറിന്‍റെ നിഗമനം. 

എന്നാല്‍ ലോക്ക് ഡൗണിലെ കടുത്ത നിയന്ത്രണം രോഗവ്യാപനത്തെ ഒരു പരിധിവരെ തടഞ്ഞു. ആകെ രോഗബാധിതരില്‍  പത്ത് ശതമാനം  ഇതിനോടകം രോഗമുക്തി നേടി.  കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളുടെയും ചികിത്സയുടെയും അടിസഥാനത്തില്‍ രോഗവ്യാപനം അവസാനിക്കാന്‍  28 ദിവസമാണ് വേണ്ടത്. 28 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പ്രദേശം കൊവിഡ് മുക്തമെന്ന് പ്രഖ്യാപിക്കാമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. 

ഇതുവരെ 2.37 ലക്ഷം  സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെമാത്രം 21,635 സാമ്പിളുകള്‍ പരിശോധിച്ചു. മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് സാമ്പിള്‍ പരിശോധന നടക്കുന്നത്. ആറ് ദിവസം കൂടി പരിശോധിക്കാനുള്ള കിറ്റുകള്‍ കൂടിയേ ലാബുകളിലുള്ളൂ. 33 ലക്ഷം പുതിയ കിറ്റുകല്‍ക്ക് കരാര്‍ നല്‍കിയതായും ഐസിഎംആര്‍ അറിയിച്ചു.

ഒരാഴ്ചയ്ക്കിടയില്‍ ആദ്യമായി  തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവ്. മൂവായിരത്തോളം ആളുകളെ പരിശോധിച്ചതില്‍ 31 പേര്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം  കോയമ്പത്തൂരിൽ നാൽപ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാണാതായ കൊവിഡ് ബാധിതനെ കണ്ടെത്തി.

കർണാടകത്തിൽ ഒരു ദിവസത്തിനിടെ നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബെംഗളൂരു, വിജയപുര എന്നിവിടങ്ങളിലാണ് വൈകിട്ട് രണ്ട് പേർ മരിച്ചത്. കർണാടകത്തിൽ  ഇന്ന് 13 പേർ കൂടി രോഗബാധിതരായി. കൊവിഡ് ബാധിതർ ഇല്ലാത്ത ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കർണാടക സർക്കാർ മാർഗരേഖ തയ്യാറാക്കി. ആന്ധ്ര പ്രദേശിൽ രണ്ടുപേർ  കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആന്ധ്രയിൽ ആകെ മരണം 9 ആയി. 34 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 
Follow Us:
Download App:
  • android
  • ios