ചെന്നൈ: തമിഴ്നാടിനെ ആശങ്കയിലാക്കി ചെന്നൈയിൽ പുതിയ രോഗ ബാധിതർ ഇരട്ടിക്കുന്നു. പുതിയതായി 266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ചെന്നൈയിൽ മാത്രം ഇന്ന് 203 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ, കന്യാകുമാരി, തെങ്കാശി എന്നിവടങ്ങളിലും പുതിയ രോഗികള്‍.

ചെന്നൈയിൽ കോയമ്പേട് മാർക്കറ്റും പ്രാർഥനാ ചടങ്ങ് നടന്ന തിരുവിഗ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട് സ്പോട്ട്. കച്ചവടക്കാർ, ലോറിഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ കോയമ്പേടിലേത് നീണ്ട സമ്പർക്ക പട്ടികയാണ്. തിരുവിഗ നഗറിൽ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്ത 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലയാളികൾ ഉൾപ്പടെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. വെല്ലൂർ, റാണിപേട്ട്, ആരക്കോണം എന്നിവടങ്ങളിൽ 21 ബാങ്ക് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒൻപത് ബ്രാഞ്ചുകൾ അടച്ചിട്ടു.