Asianet News MalayalamAsianet News Malayalam

തമിഴ്നാട് ഡിജിപി ഓഫീസിലെ എട്ട് പൊലീസുകാർക്കും അമ്മ കാൻ്റീനിലെ ജീവനക്കാർക്കും കൊവിഡ്

 രോഗലക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയിൽ ചികിത്സിക്കില്ലെന്ന് തമിഴ്നാട് സർക്കാർ തീരുമാനിച്ചു

more covid patients in chennai city
Author
Chennai, First Published May 6, 2020, 1:03 PM IST

ചെന്നൈ: തെക്കേയിന്ത്യയിൽ കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ ഹോട്ട് സ്പോട്ടായി മാറിയ ചെന്നൈ ന​ഗരത്തിൽ കൊവിഡ് പൊലീസുകാരിലേക്കും മറ്റു അതിവേ​ഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം 25 പൊലീസുകാർക്ക് ഒരുമിച്ച് കൊവിഡ‍് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് തമിഴ്നാട് പൊലീസ് ആസ്ഥാനത്തെ എട്ട് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ന​ഗരത്തിൽ പ്രവർത്തിക്കുന്ന അമ്മ കാൻ്റീനിലെ രണ്ട് ജീവനക്കാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ചെന്നൈയിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെ തമിഴ്നാട്ടിൽ ആകെ ആശങ്ക ഉയരുകയാണ്. ചെന്നൈ ന​ഗരത്തിൻ്റെ വൈറസിൻ്റെ പ്രധാന പകർച്ചാകേന്ദ്രമായി മാറിയത് കോയമ്പേട് മാർക്കറ്റാണ്. ഇവിടുത്തെ തൊഴിലാളികളും വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തിയവരുമടക്കം പലരും വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോ​ഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

കച്ചവടക്കാർ,ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ പതിനായിരത്തിലധികം പേരാണ് കോയമ്പേട് മാ‍ർക്കറ്റിലുള്ളത്. ഇടുക്കി പാലക്കാട് മലബാർ മേഖലയിലേക്കും പൊള്ളാച്ചി മേട്ടുപാളയം എന്നിവടങ്ങളിലേക്കും കോയമ്പേട്ടിലെ ലോറി ഡ്രൈവർമാർ മടങ്ങിപ്പോയിട്ടുണ്ട്. ഇവരുമായി സമ്പർക്ക പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് തമിഴ്നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനത്തിൻ്റെ  കേന്ദ്രമായ കോയമ്പേടിൽ വന്നു പോയവരെ മൊബൈൽ കേന്ദ്രീകരിച്ച് കണ്ടെത്താനാണ് ശ്രമം.  ചെന്നൈയിലെ പഴം പച്ചക്കറി ചില്ലറ വിൽപ്പനക്കാർക്കും രോഗം0 സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

അതേസമയം രോഗലക്ഷ്ണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയിൽ ചികിത്സിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു. കൊവിഡ് രോ​ഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. അ‌ടിയന്തര സാഹചര്യം നേരിടാൻ കല്യാണമണ്ഡപങ്ങൾ, സ്കൂളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ട്. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കൂ. 

റെഡ്സോണിലടക്കം മദ്യവിൽപന തുടങ്ങാൻ നേരത്തെ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് മദ്യവിൽപന റെഡ് സോണിന് പുറത്തേക്ക് മാറ്റി. ലോക്ക് ഡൗണിനിടെ മദ്യവിൽപന പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊതുതാത്പര്യ ഹർജിയുമായി ഒരു അഭിഭാഷകൻ ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios