ദില്ലി: ദില്ലിയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി രോഹിണിയിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ 29 ആരോഗ്യ പ്രവർത്തകർക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് ഡോക്ടർമാരും, 20 നഴ്സുമാരും  മൂന്ന് ശൂചീകരണ തൊഴിലാളികളും ഉൾപ്പെടുന്നു. നേരത്തെ 51 പേരെ ഇവിടെ നിരീക്ഷണത്തിലാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയായ പട്  പട് ഗഞ്ച്  മാക്സിൽ 7 മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച ദില്ലി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും. കാഷ്വാലിറ്റി, എമർജൻസി വിഭാഗങ്ങൾ പ്രവർത്തിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും വിഭാഗവും മെഡിസിൻ ഒ പിയും തുറക്കും. പനി ക്ലിനിക്കും പ്രവർത്തിക്കും. പരിമിതമായേ രോഗികളെ പ്രവേശിപ്പിക്കയുള്ളൂവെന്ന് എൻഡിഎംസി കമ്മീഷണർ വർഷ ജോഷി അറിയിച്ചു.

അതിനിടെ  ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗിന് ദില്ലി സർക്കാർ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ശുപാർശ ദില്ലി സർക്കാർ നാഷണൽ സെൻറർ ഫോർ ഡിസിസ്സ് കൺട്രോളിന് കൈമാറി. ദില്ലി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ 7 ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നതിനെ തുടർന്നാണ് നടപടി. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കൊവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും.