'നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു'. ആനന്ദ് ശർമയ്ക്കും പൃഥിരാജ് ചവാനും പിന്നാലെ ഗുലാം നബിയെ പിന്തുണച്ച് മനീഷ് തിവാരിയും. സെപ്തംബർ 5ന് നടത്തുന്ന റാലിയില്‍ ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
ദില്ലി: ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതൽ ജി 23 നേതാക്കൾ. കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാർഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോൾ പാർട്ടിയെ ഉപദേശിക്കുന്നതെന്നും മുതിർന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചു. നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു. പാർട്ടിക്കും രാജ്യത്തിനുമിടയിൽ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി വ്യക്തമാക്കി. 42 വർഷം പാർട്ടിക്കായി ജീവിച്ചവർ കുടിയാന്മാരല്ലെന്നും ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ഇന്നലെ ആനന്ദ് ശർമയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.
ആസാദിന്റെ പുതിയ പാർട്ടി സെപ്തംബർ 5ന്?
ഇതിനിടെ, ജമ്മു കശ്മീരിൽ കൂടുതൽ നേതാക്കൾ ഗുലാംനബി ആസാദിനെ പിന്തുണച്ച് രാജി നൽകി. ഗുലാം നബിയുടെ രാജിക്ക് പിന്നാലെ മൂന്ന് മുൻമന്ത്രിമാർ ഉൾപ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോൺഗ്രസ് വിട്ടത്. കൂടുതല്‍ പേർ രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന. സെപ്തംബർ 5ന് നടത്തുന്ന റാലിയില്‍ ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ ആസാദിന്റെ നേതൃത്വത്തിൽ തുടങ്ങി. അണികളെ ഏകോപ്പിപ്പിച്ച് പ്രവർത്തനം തുടങ്ങാന്‍ ആസാദ് നിർദേശിച്ചതായി മുന്‍ എംഎല്‍എ ഗുല്‍സാർ അഹമ്മദ് വാണി പറഞ്ഞു.
അതേസമയം ദേശീയ തലത്തിൽ തത്കാലം ഗുലാംനബി ആസാദ് പാർട്ടി പ്രഖ്യാപിക്കില്ല. എന്നാൽ പാർട്ടിയോട് അതൃപ്തിയുള്ള കൂടുതൽ പേർ പുറത്തു വന്നാൽ ഒരു പൊതുവേദി ഉണ്ടാക്കാനും അതുവഴി രാഹുൽ ഗാന്ധിക്ക് ചുറ്റുമുള്ള സംഘത്തെ സമ്മർദ്ദത്തിലാക്കാനുമാണ് നീക്കം.
