ദില്ലി: ബംഗാളില്‍ നിരവധി അല്‍ഖ്വയ്ദ പ്രവര്‍ത്തകരുണ്ടെന്ന് എന്‍ഐഎ. ശനിയാഴ്ച ആറ് പേരെയാണ് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് രണ്ട് പേരുടെയും കൂടി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. മാള്‍ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ഉണ്ട്. മാള്‍ഡയിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ ശനിയാഴ്ച പിടിയിലായ ആറുപേരുമായി കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പേരില്‍ രണ്ട് വിദ്യാര്‍ത്ഥികല്‍ക്ക് കശ്മീരിലെ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത സിം കാര്‍ഡുകള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ നിന്നാണ് കശ്മീരിലെ അജ്ഞാതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് കേരളത്തിലെ ചിലരുമായും ബന്ധമുണ്ട്.

ഇവര്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു. വാട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുകളിലുമാണ് ഇവരുടെ ചര്‍ച്ച. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും എന്‍ഐഎ വ്യക്തമാക്കി. ഇവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു.