ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി.

ദില്ലി: കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുന്നു. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബിന്‍റെ പേരില്‍ സത്രീകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് ഒത്തുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് നഗരത്തിലൂടെ റാലിക്ക് ആഹ്വാനം നല്‍കിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് ഒത്തുകൂടിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഹൈസ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. ഹിജാബ് അനുവദിക്കില്ലെന്നും വസ്ത്രധാരണ രീതി നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

എന്നാല്‍ ഭിന്നിച്ച് ഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കണമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവി കൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തി. 

അതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി. ഭയാനകമെന്നും മുസ്ലീം സ്ത്രീകളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും നോബേല്‍ ജേതാവ് മലാല യുസഫ്സായ് ആവശ്യപ്പെട്ടു.