Asianet News MalayalamAsianet News Malayalam

കർഷക സമരം, നിജ്ജറിന്റെ കൊലപാതകം; അതൃപ്തരായ സിഖ് വിഭാഗത്തെ ഒപ്പം നിർത്താൻ നീക്കവുമായി ബിജെപി

ദില്ലിയിലെ സിഖ് ​ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അം​ഗങ്ങളുൾപ്പടെ ആയിരത്തിലധികം പേർ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് അംഗത്വമെടുത്തെന്ന് ബിജെപി

more than 1000 sikhs join party bjp claims
Author
First Published Apr 29, 2024, 12:29 PM IST

ദില്ലി: സിഖ് വിഭാ​ഗക്കാരെ ഒപ്പം നിർത്താൻ നിർണായക നീക്കവുമായി ബിജെപി. ദില്ലിയിലെ സിഖ് ​ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അം​ഗങ്ങളുൾപ്പടെ ആയിരത്തിലധികം പേർ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് അംഗത്വമെടുത്തെന്ന് ബിജെപി അവകാശപ്പെട്ടു. പലരും വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവരാണ്. കർഷക സമരവും ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സിഖ് വിഭാ​ഗത്തിൽ ഉണ്ടാക്കിയ അതൃപ്തി മറികടക്കാനാണ് ശ്രമം.

ജൂൺ ഒന്നിന് പഞ്ചാബിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിഖ് വിഭാ​ഗത്തെ ഒപ്പം നിർത്താൻ ബിജെപി നീക്കം നടത്തുന്നത്. പഞ്ചാബിന്റെ അതിർത്തിയിൽ മാസങ്ങളായി തുടരുന്ന കർഷക സമരം കേന്ദ്ര സർക്കാറിന് തലവേദനയാണ്. സിഖ് വിഭാ​ഗത്തിനിടയിൽ നിർണായക സ്വാധീനമുള്ള ശിരോമണി അകാലിദളുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിലും ബിജെപിക്ക് തടസമായത് കർഷകരുടെ സമരമാണ്. ഒപ്പം കാനഡയിൽ ഖലിസ്ഥാന് നേതാവ് ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  ഉയർന്ന ആരോപണങ്ങളും സിഖ് വിഭാ​ഗത്തിനിടയിൽ ബിജെപിക്കെതിരെ അതൃപ്തിക്ക് കാരണമായെന്ന വിലയിരുത്തലുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ബിജെപി സിഖ് സമുദായത്തെ കൂടെ നിർത്താൻ നോക്കുന്നത്. കർത്താർപൂർ ഇടനാഴി തുറന്നതും സുവർണ ക്ഷേത്രത്തിന് സംഭാവന സ്വീകരിക്കാൻ എഫ്സിആർഎ ലൈസൻസ് നൽകിയതും 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതികൾക്കെതിരായ നടപടിയുമൊക്കെ ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. സിഖ് വിഭാഗത്തിന് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും സിഖ് വിരുദ്ധ കലാപം നയിച്ചവരെ മന്ത്രിയും മുഖ്യമന്ത്രിയുമാക്കിയത് കോൺഗ്രസാണെന്നും സിഖുകാരെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ ജെ പി നദ്ദ പറഞ്ഞു. ജഗദീഷ് ടൈലറെ പോലുള്ളവർ വിചാരണ നേരിടുന്നത് മോദി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തതുകൊണ്ടാണെന്നും നേതാക്കൾ പറഞ്ഞു.

ജയ് ശ്രീറാം വിളിച്ചതിന് ആക്രമിച്ചെന്ന് ബിജെപി; ബംഗാളിലെ മതിഗാരയില്‍ ബിജെപി ബന്ദ്

പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്, ഭാര്യയും കോൺ​ഗ്രസ് എംപിയുമായിരുന്ന പ്രണീത് കൗർ, മുൻ കോൺ​ഗ്രസ് എംപി രൺവീത് സിം​ഗ് ബിട്ടു, മുൻ മന്ത്രി മൻപ്രീത് ബാദൽ, അമേരിക്കയിലെ അംബാസഡറായിരുന്ന തരൺജിത് സിംഗ് സന്ധു തുടങ്ങിയവർ ഇതിനോടകം ബിജെപിയിൽ ചേർന്നു. പഞ്ചാബിൽ 13 ൽ 9 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios