ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ലോക്ക് ഡൗൺ അറുന്നൂറോളം മാത്രം രോ​ഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോ​ഗികളുടെ എണ്ണം പലമടങ്ങായി വ‍ർധിച്ചത്. 308 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 35 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 9152 കേസുകളിൽ 856 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ ഇന്നലെ 134 പേ‍ർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോ​ഗികളുടെ എണ്ണം 1895 ആയി. ദില്ലിയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോ​ഗികളാണുള്ളത്. ഇന്നലെ 96 പേ‍ർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 796 ആയി. 

മധ്യപ്രദേശിൽ 562, ​ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോ​ഗികളുടെ എണ്ണം. പശ്ചിമ ബംഗാളിൽ ഇന്നലെ കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അ‍ഞ്ച് പേർ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി. 

ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂ‌‌ടുതൽ ഏറ്റവും കൂടുതൽ പേ‍ർ രോ​ഗമുക്തി നേടിയതും. 208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോ​ഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേ‍ർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോ​ഗികളുള്ള ദില്ലിയിൽ രോ​ഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോ​ഗം ഭേദമായത്.