പലയിടത്തും ട്രെയിനുകൾ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ദില്ലി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ (Agnipath Scheme) രാജ്യവ്യാപകമായി പ്രതിഷേധം. ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. പലയിടത്തും ട്രെയിനുകൾ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അഞ്ച് മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 ട്രെയിൻ സർവീസുകൾ വൈകി ഓടുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറിൽ തുടങ്ങിയ പ്രതിഷേധമാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നത്. ബീഹാറിലും,ഹരിയാനയിലും,ഉത്തർപ്രദേശിലും,രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. ബിഹാറിലെ നൊവാഡയിൽ ബിജെപി എംഎൽഎയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. എംഎൽഎ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. നൊവാഡയിലെ ബിജെപി ഓഫീസ് തകർത്തു. ആരയിൽ റെയിൽവേസ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബിഹാറിൽ മൂന്ന് ട്രെയിനുകളാണ് കത്തിച്ചത്. ഒരു ട്രെയിനിൻറെ ജനലുകൾ തകർത്തു. ഹരിയാനയിലെ പൽവാളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇൻറർനെറ്റ് റദ്ദാക്കി. ഉത്തർപ്രദേശിൽ പല നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ദില്ലിയിലും റെയിൽ പാത ഉപരോധിച്ചു. പെൻഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. 

രണ്ട് വർഷമായി കൊവിഡ് കാരണം സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല. റിക്രൂട്ട്മെൻറ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അഗ്നിപഥ് പദ്ധതി വഴി സേനയിൽ കയറിയാലും നാലു വർഷം കഴിയുമ്പോൾ പുറത്തിറങ്ങണം. പ്രായപരിധി 21 വയസായി ചുരുക്കിയതും പ്രതിഷേധത്തിനു കാരണമാണ്.

അഗ്നിപഥ്: നിലവിലേതിലും മൂന്നിരട്ടി നിയമനം നടക്കും, തൊഴിലവസരം കൂടും: ആവർത്തിച്ച് കേന്ദ്രം
കോൺഗ്രസ് പിന്തുണ

അഗ്നിപഥ് പദ്ദതിക്കെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ്. രാജ്യത്തിനായി ജീവന്‍പോലും പണയംവച്ച് സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ ഭാവിക്ക് സുരക്ഷ ഉറപ്പാക്കാത്ത പദ്ധതിയാണിതെന്ന് കോൺഗ്രസ് നേതാക്കൾ ദില്ലി ആസ്ഥാനത്ത് പറഞ്ഞു. ചെറിയ സമയം കൊണ്ട് സൈനിക പരിശീലനം പൂർത്തിയാക്കാനാകില്ല. വിദഗ്ധരുമായും വിരമിച്ച സൈനികരുമായും കൂടിയാലോചന നടത്തണമെന്നും, പദ്ധതി നടപ്പാക്കുന്നത് താല്‍കാലികമായി നിർത്തി വയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.