കാണാതായ യുവാവിന്റ അച്ഛന് കിട്ടിയ ഒരു വീഡിയോ ക്ലിപ്പാണ് സംഭവത്തിൽ വഴിത്തിരിവായത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ചെന്നൈ: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള കെയർ ഹോമിൽ മർദനമേറ്റ് കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന യുവാവിനായുള്ള അന്വേഷണം നിർണായക ഘട്ടത്തിൽ. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലം കുഴിച്ച് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കോയമ്പത്തൂർ സ്വദേശിയായ എസ്.ആർ വരുൺകാന്തിന്റെ (24) പിതാവ് നൽകിയ പരാതിയിന്മേലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
പൊള്ളാച്ചിക്കടുത്തുള്ള യുധിര ചാരിറ്റബിൾ ട്രെസ്റ്റ് സ്പെഷ്യൽ ചിൽഡ്രൻ കെയർ ആന്റ് ട്രെയിനിങ് സെന്റർ എന്ന സ്ഥാപനത്തിലാണ് ഫെബ്രുവരി നാലാം തീയ്യതി വരുൺകാന്തിനെ പ്രവേശിപ്പിച്ചത്. മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന യുവാവിനെ സ്ഥാപനത്തിലെ ജീവനക്കാർ ക്രൂരമായി മർദിക്കുകയും ഇതേ തുടർന്ന് മേയ് 12ന് ഇയാൾ മരണപ്പെടുകയും ചെയ്തതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് സ്ഥാപനത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് പിറ്റേദിവസം മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു. സ്ഥാപനത്തിലെ ട്രസ്റ്റികളുടെ സഹായത്തോടെയായിരുന്നു ഇത്.
എന്നാൽ ആളിയാർ അണക്കെട്ടിൽ വിനോദ യാത്ര പോയപ്പോൾ കുട്ടിയെ കാണാതായെന്ന് സ്ഥാപന ജീവനക്കാർ വീട്ടിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വരുൺകാന്തിന്റെ അച്ഛൻ ടി രവികുമാർ മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. പിന്നാലെ മകനെ സ്ഥാപനത്തിൽ വെച്ച് ഉപദ്രവിച്ചിരുന്നതായി തെളിയിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷം സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ഒരു ട്രസ്റ്റ് അംഗവും അറസ്റ്റിലായി. കുട്ടിയെ മർദിച്ചുവെന്നും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും റവന്യൂ ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമെല്ലാം സ്ഥലം സന്ദർശിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആറ് സംഘങ്ങളാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രവർത്തിക്കുന്നത്.


