സംഭവം ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷനിലെ സുരക്ഷ ജീവനക്കാരന്‍ ഉടന്‍ തന്നെ എമര്‍ജെന്‍സി ബട്ടണില്‍ അമര്‍ത്തി.
പൂനെ: മെട്രോ റെയില്‍ ട്രാക്കില്‍ വീണ മൂന്നു വയസുകാരന്‍ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാരിയായ യുവതിയും ട്രാക്കിലേക്ക് വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൂനെയിലെ സിവില്‍ കോര്‍ട്ട് മെട്രോ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് സംഭവം.
പ്ലാറ്റ്‌ഫോമിലൂടെ ഓടുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയും വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷനിലെ സുരക്ഷ ജീവനക്കാരന്‍ വികാസ് ബംഗാര്‍, ഉടന്‍ തന്നെ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തി. ഇതോടെ മെട്രോ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിന്‍ 30 മീറ്റര്‍ അകലെ നിര്‍ത്തിയതോടെ വന്‍ അപകടം ഒഴിവായി. അതേസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിനും മീറ്ററുകള്‍ അകലെ നിര്‍ത്തി.
അമ്മയ്ക്കും മകനും നിസാര പരുക്കുകളാണ് സംഭവത്തില്‍ അപകടം ഒഴിവായതില്‍ ആശ്വാസമുണ്ടെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. കൊച്ചു കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. സുരക്ഷ ജീവനക്കാരന്റെ ഇടപെടലിലാണ് അപകടം ഒഴിവായതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മെട്രോ റെയിൽ അധികൃതര്‍ അറിയിച്ചു.

