രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട 19 ദിവസം പ്രായമുള്ള നവജാതശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാമൂഹിക ഭ്രഷ്ട് ഭയന്ന്, കുഞ്ഞിന്റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച ശേഷം ഇവർ ഉപേക്ഷിക്കുകയായിരുന്നു.
ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിലെ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിൻ്റെ അമ്മയെയും അമ്മയുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 19 ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണ് രണ്ട് ദിവസം മുമ്പ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടി കരഞ്ഞ് മറ്റുള്ളവരെ അറിയിക്കാതിരിക്കാനായി പശ ഉപയോഗിച്ച് ചുണ്ടുകൾ ഒട്ടിക്കുകയും വായിൽ കല്ല് തിരുകുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അവിഹിത ബന്ധത്തിൽ പിറന്ന കുട്ടിയാണിതെന്നും, സാമൂഹിക ഭ്രഷ്ട് ഭയന്നാണ് യുവതിയും പിതാവും ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു
സാമൂഹിക പ്രശ്നങ്ങൾ ഭയന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബൂണ്ടിയിൽ മുറിയെടുത്ത് അവിടെ വെച്ചാണ് യുവതി പ്രസവം നടത്തിയത്. കുട്ടിയെ വിൽക്കാനും ഇവർ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടതോടെ ഏതാനും ആഴ്ചകൾക്ക് ശേഷം കുട്ടിയെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. "രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കി യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്യുകയാണ്. ഒരു യുവാവുമായി അവർക്ക് ബന്ധമുണ്ടായിരുന്നെന്നും, ആ ബന്ധത്തിൽ ജനിച്ച കുട്ടിയെയാണ് ഉപേക്ഷിച്ചതെന്നുമാണ് പ്രാഥമിക വിവരം," ഭിൽവാര പൊലീസ് സൂപ്രണ്ട് ധർമ്മേന്ദ്ര സിംഗ് യാദവ് പറഞ്ഞു. കുട്ടിയുമായി യുവതിക്കുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടയൻ രക്ഷകനായി, കുട്ടി ഗുരുതരാവസ്ഥയിൽ
മണ്ഡൽഗഡിൽ ആടുകളെ മേയ്ക്കുന്നതിനിടെ കുഞ്ഞിന്റെ നേരിയ കരച്ചിൽ കേട്ട ഇടയനാണ് കുട്ടിയെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. പൊലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി മഹാത്മാഗാന്ധി ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചെങ്കിലും, അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഭിൽവാര മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. "ശ്വാസതടസ്സമുള്ളതിനാൽ കുഞ്ഞിനെ ഓക്സിജൻ സപ്പോർട്ടിലാണ് നിലനിർത്തിയിരിക്കുന്നത്. ഉപേക്ഷിച്ചത് ചൂടുള്ള കല്ലിന്റെ കൂട്ടത്തിലായതിനാൽ ചൂടേറ്റ കുഞ്ഞിന് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭിൽവാര മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് സെൻ്റർ ഇൻ ചാർജ് ഡോ. ഇന്ദ്ര സിംഗ് വ്യക്തമാക്കി. അമ്മയെയും അമ്മയുടെ പിതാവിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്.


