മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.
ബെംഗളൂരു: ബെംഗളൂരു ഉത്തരഹള്ളിയിൽ പ്രണയബന്ധം വിലക്കിയ അമ്മയെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത മകൾ പിടിയിൽ. പതിനേഴുകാരിയായ മകളും ആൺസുഹൃത്തുമടക്കം അഞ്ചുപേരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരു കുട്ടിയുടെ പ്രായം 13 വയസാണ്.
ഉത്തരഹള്ളി സ്വദേശിനി നേത്രാവതി കൊല്ലപ്പെട്ട കേസിലാണ് മകളും ആൺസുഹൃത്തും ഉൾപ്പെടെ അഞ്ചുപേർ പിടിയിലായത്. നേത്രാവതിയുടെ മകൾ ഉൾപ്പെടെ പിടിയിലായ നാലുപേരും പതിനാറിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ്. ഒരാളുടെ പ്രായം പതിമൂന്ന് വയസും. മകളും ആൺ സുഹൃത്തും തമ്മിലുള്ള ബന്ധം നേത്രാവതി വിലക്കിയിരുന്നു. താനില്ലാത്തപ്പോൾ ഈ പതിനേഴുകാരനും സുഹൃത്തുക്കളും വീട്ടിലെത്തുന്നത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്ന് ഒക്ടോബർ 25ന് രാത്രിയും ഈ സംഘം നേത്രാവതിയുടെ വീട്ടിലെത്തി. ഉറക്കമുണർന്നപ്പോൾ മകൾക്കൊപ്പം സുഹൃത്തുക്കളെ കണ്ട നേത്രാവതി ബഹളമുണ്ടാക്കിയതോടെ ഈ സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ സാരി ഉപയോഗിച്ച് കെട്ടിത്തൂക്കി. പിന്നാലെ വീടുപൂട്ടി സ്ഥലം വിടുകയും ചെയ്തു. നേത്രാവതി എവിടേക്കോ പോയതാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. രണ്ട് ദിവസമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ സഹോദരിയാണ് മരണ വിവരം പുറത്തറിയിച്ചത്.
ആദ്യം തൂങ്ങിമരണമാണ് എന്ന് കരുതിയെങ്കിലും മകൾ തിരിച്ചെത്തി ഒരു കഥയുണ്ടാക്കി പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്ക് ബന്ധുക്കൾ എത്തിയത്. പൊലീസ് ചോദ്യം ചെയ്തതോടെ സത്യം വെളിപ്പെട്ടു. പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.



